ബ്രേക്കിംഗ്: ബഹ്‌റൈനില്‍ കൊറോണ ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നയാള്‍ രോഗവിമുക്തനായി; വൈറസ് ബാധിതരുടെ എണ്ണം 51 ആയി കുറഞ്ഞു

മനാമ: ബഹ്‌റൈനില്‍ കൊറോണ ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നയാള്‍ രോഗവിമുക്തനായി. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 51 ആയി കുറഞ്ഞു. ആരോഗ്യമന്ത്രാലയം ആദ്യത്തെ രോഗവിമുക്തി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് പുതിയ കൊറോണ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

രോഗം ഭേദമായ വ്യക്തി ബഹ്റൈനി പൌരനാണ്. കൊറോണ പടരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മുന്‍പ് ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയ വ്യക്തിയാണ് ഇയാള്‍. രാജ്യത്ത് ഇതുവരെ 4452 ലേറെ പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ പരിശോധനാ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫെബ്രുവരി മാസം ഇറാനില്‍ നിന്നെത്തിയ എല്ലാവരെയും വൈദ്യപരിശോധന നടത്തിവരികയാണ്. 444 എന്ന ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറില്‍ വിളിച്ച് വൈദ്യ പരിശോധന തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങള്‍ക്കൊപ്പം സഹകരിച്ചാണ് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.