മനാമ: നിരീക്ഷണത്തിലുണ്ടായിരുന്ന 8 ബഹ്‌റൈനി പൗരന്മാര്‍ ആശുപത്രി വിട്ടു. ഇവര്‍ 14 ദിവസമായി പ്രത്യേക നിരീക്ഷണത്തിലായിരുന്നു, നീരീക്ഷണ കാലാവധിക്ക് ശേഷവും രോഗലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. ഇവരുടെ വൈറസ് പരിശോധനാഫലം രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേർക്കും മുൻപ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ചികിത്സയിലുള്ള കൊറോണ രോഗികളില്‍ ഒരാള്‍ രോഗവിമുക്തനായിരുന്നു. ഇയാളാണ് രാജ്യത്ത് ആദ്യമായി രോഗം ഭേദമായ വ്യക്തി. നിലവില്‍ 51 പേരാണ് ചികിത്സയില്‍ കഴിയുന്നത് ഇതില്‍ 49 പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രാജ്യത്ത് ഇതുവരെ 4452 ലേറെ പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ പരിശോധനാ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഫെബ്രുവരി മാസം ഇറാനില്‍ നിന്നെത്തിയ എല്ലാവരെയും വൈദ്യപരിശോധന നടത്തിവരികയാണ്. 444 എന്ന ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറില്‍ വിളിച്ച് വൈദ്യ പരിശോധന തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്.