മനാമ: ബഹ്‌റൈനില്‍ 24 പേര്‍ക്ക് കൂടി കോവിഡ്-19 (കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 95 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 94 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.
ഇതുവരെ രാജ്യത്ത് 7689 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ച ശേഷം 14 പേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയിട്ടുണ്ട്. ചികിത്സയിലുള്ള 90 പേരും ഇതര രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലെത്തിയവരാണ്. അഞ്ച് പേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും. നിലവില്‍ ആശങ്ക വേണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം.
പൊതുനിരത്തിലിറങ്ങുമ്പോള്‍ മുഖാവരണം ധരിക്കുന്നത് ശീലമാക്കണം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ബഹ്‌റൈനില്‍ നിന്നും രോഗം പകര്‍ന്നതായിട്ടുള്ള ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസത്തിന് ഇടനല്‍കുന്ന കാര്യമാണ്.