മനാമ: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങേകാൻ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ രംഗത്ത്. ‘വെല്‍കെയറു’മായി സഹകരിച്ച് അര്‍ഹരായവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ തയാറാക്കി നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടിലിരിക്കുന്ന പലര്‍ക്കും അന്നന്നത്തെ അന്നം കണ്ടത്തൊന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. സഹായമാവശ്യപ്പെട്ട് പല പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുന്നുണ്ടെന്ന് വെല്‍കെയര്‍ ടീം കാപ്റ്റന്‍ അബ്ദുൽ മജീദ് തണൽ, കോർഡിനേറ്റർമാരായ എം. ബദ്റുദ്ദീൻ, എ. അഹ്മദ് റഫീഖ് എന്നിവർ അറിയിച്ചു.
ഭക്ഷണത്തിന് പ്രയാസപ്പെടുന്നവരുടെ ആവശ്യങ്ങള്‍ നിര്‍ണയിച്ച് ഒരാഴ്ച്ചത്തേക്കും ഒരു മാസത്തേക്കുമുള്ള കിറ്റുകളാണ് നല്‍കുന്നത്. അത്യാവശ്യ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകളാണ് തയാറാക്കുന്നത്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് അത് കൂടി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലേബര്‍ അക്കമഡേഷനുകളിലും സാധ്യതയനുസരിച്ച് സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അർഹരായ കൂടുതൽ പേർക്ക് വിവിധ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കി വരികയാണെന്നും കോർഡിനേറ്റർമാർ അറിയിച്ചു.