മനാമ: കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വീടുകളിൽ കഴിയുന്നവരിൽ വിഷമത അനുഭവിക്കുന്നവർക്ക് ബഹ്‌റൈൻ കേരളീയ സമാജം 1000 ഭക്ഷണ കിറ്റുകൾ സൗജന്യമായി നൽകുമെന്ന് പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. അരി, ആട്ടപ്പൊടി, ഓയിൽ, പഞ്ചസാര, പയർ വർഗ്ഗങ്ങൾ എന്നിവയും, ക്ലീനിംഗ് ലിക്വിഡ് ഉം അടങ്ങുന്ന കിറ്റ് ആണ് നൽകുക.
സമാജം അംഗങ്ങളിലും ഇന്ത്യൻ പൊതു സമൂഹത്തിലും അർഹതപ്പെട്ടവർക്ക് കിറ്റുകൾ ലഭിക്കാനായി കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ‘ബി.കെ.എസ് ഹെൽപ് ഡസ്‌ക്ക്’ അംഗങ്ങളായ ദേവദാസ് കുന്നത്ത് (39449287), മോഹൻരാജ് (39234535), കെ.ടി. സലിം (33750999), രാജേഷ് ചേരാവള്ളി (35320667), ബിനു വേലിയിൽ (39440530) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പ്രസ്തുത പദ്ധതിയുടെ വിജയത്തിനായി സമാജം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും, മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഓൺലൈൻ യോഗങ്ങളും ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്. ഭക്ഷണ സാധങ്ങളും, പാക്കിങ് മെറ്റീരിയലുകളും, സാമ്പത്തിക സഹായങ്ങളും നൽകി ഒട്ടേറെ സമാജം അംഗങ്ങൾ, ബഹ്‌റൈൻ പ്രതിഭ തുടങ്ങിയ സംഘടനകൾ, നിരവധി വ്യക്തികൾ, സ്ഥാപനങ്ങൾ ഈ സദുദ്യമവുമായി സഹകരിക്കുവാൻ മുന്നോട്ടു വന്നിട്ടുണ്ട്.
ബഹ്‌റൈൻ സർക്കാർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, രോഗ ബാധിതരെ സഹായിക്കുന്നതിനും സ്വീകരിച്ച് വരുന്ന നടപടി ക്രമങ്ങൾ പ്രശംസനീയമാണെന്നും സുരക്ഷാ മുൻകരുതലുകൾക്ക് പൂർണ്ണ പിന്തുണകൾ അർപ്പിക്കുന്നതായും ബികെഎസ്, ബഹ്‌റൈൻ അധികാരികൾക്ക് സമർപ്പിച്ച നിവേദനത്തിലൂടെ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമാജം അടച്ചിട്ടതും, ഡിജിറ്റൽ സന്ദേശങ്ങളിലൂടെ അംഗങ്ങൾക്കും സമൂഹത്തിനും ബോധവത്കരിക്കാൻ കോവിഡ് വ്യാപനം തടയാനുള്ള മാർഗങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രവാസികളുടെ വിവിധ ആവശ്യങ്ങളും സമാജത്തിന് വേണ്ടി പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളയുടെയും, ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിന്റെയും പേരിൽ സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കമ്പനികൾ ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നുവെന്ന് ഉറപ്പ് വരുത്തൽ, വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കമ്പനികൾ പകുതി ശമ്പളം എങ്കിലും പെട്ടെന്ന് കൊടുത്ത് ബാക്കി പിന്നീട് നൽകാനുള്ള സംവിധാനം, ഫ്ലാറ്റ് വാടക ഒഴിവാക്കുവാനോ ഇളവ് നൽകുവാനോ കെട്ടിട ഉടമകൾക്ക് സർക്കാർ നിർദേശം നൽകൽ, ബാങ്കുകളിലെ കാർ- പേഴ്സണൽ – ബിസിനസ്സ് ലോണുകൾക്ക് വിദേശികൾക്കും 6 മാസത്തെ ഇളവ് അനുവദിക്കൽ, എൽ.എം.ആർ.എ ഫീസിളവ്- ബഹ്‌റൈനിൽ നിന്നും ലീവിന് പോയവർക്ക് വിസാ കാലാവധി കഴിഞ്ഞാൽ തിരിച്ചുവരാനുള്ള സൗകര്യങ്ങൾ, മൃതദേഹങ്ങൾ കാർഗോ വിമാനങ്ങൾ വഴി നാട്ടിലേക്ക് അയക്കുന്നതിനിന്നുള്ള സഹായം, ലേബർ ക്യാമ്പുകളിൽ അധികാരികളുടെ ശ്രദ്ധ, അവർക്ക് അത്യാവശ്യമായി വന്നാൽ ഐസൊലേഷനിൽ ഇരിക്കാനുള്ള സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും നിവേദനത്തിൽ അഭ്യർഥിച്ചിട്ടുള്ളത്.