തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മാര്‍ച്ച് 6) 13 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് -ഒമ്പത്, മലപ്പുറം -രണ്ട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒന്ന് എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധയേറ്റവരുടെ എണ്ണം 327 ആയി. നിലവില്‍ 266 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 18 മലയാളികള്‍ കോവിഡ് ബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്. ഇന്ന് യു.എ.ഇയിലും ബ്രിട്ടനിലും വൈറസ് ബാധയേറ്റ് മലയാളികള്‍ മരണപ്പെട്ടിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 7 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കൊല്ലത്തും മലപ്പുറത്തും സ്ഥിരീകരിച്ച കേസുകള്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നിട്ടുണ്ട്.
ഇതുവരെ 10,716 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 9607 ഫലം നെഗറ്റീവാണ്. രോഗവ്യാപനം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് നിലവില്‍ 1,52,804 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.