അബുദാബി: ലോകത്താകമാനം കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് യു.എ.ഇ. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കും.വിദേശികളെ നാട്ടിലെത്താനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കി. എന്നാല്‍ യു.എ.ഇയുടെ സഹായ വാഗ്ദാനത്തോട് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. വിഷയത്തില്‍ ഊര്‍ജിത നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഷയം കഴിഞ്ഞ ദിവസം ഗള്‍ഫ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണില്‍ സംസാരിച്ചിരുന്നു. പിന്നാലെ ടെലഫോണ്‍ സംഭാഷണമല്ല നടപടിയാണ് ആവശ്യമെന്ന് ചൂണ്ടിക്കാണിച്ച് പ്രവാസി സംഘടനകളും രംഗത്ത് വന്നു. ലക്ഷകണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.