മനാമ: ലോക്ഡൗണിന് ശേഷം ദേശീയ വിമാനക്കമ്പനി പ്രവാസി യാത്രക്കാരെ പിഴിയാൻ ഒരുങ്ങുന്നുവെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ .
കോവിഡ് -19 പശ്ചാത്തലത്തിലെങ്കിലും പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്ര നിരക്ക് അന്യായമായി വർധിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്താനും ദേശീയ വിമാന കമ്പനി തയ്യാറാകുന്നില്ല എന്ന് വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. നാട്ടിലേയും മറുനാട്ടിലേയും ലോക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന പ്രവാസികളോടാണ് എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഈ ക്രൂരത. ലോക് ഡൗണിന് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന രോഗികൾ, ഗർഭിണികൾ, സന്ദര്‍ശക വിസ കാലാവധി തീരുന്നവർ, ജോലിയും വരുമാനവും ഇല്ലാതെ പ്രവാസ ലോകത്ത് നിത്യ ചെലവിനും റൂം വാടക കൊടുക്കാനും പ്രയാസപ്പെടുന്നവർ എന്നിവരോടാണ് അവധിക്കാലത്ത് പോലും ഈടാക്കാത്ത നിരക്ക് എയർ ഇന്ത്യ എക്സപ്രസ് ഈടാക്കാൻ ശ്രമിക്കുന്നത്. ബഹ്റൈൻ ദേശീയ വിമാന കമ്പനി പോലും വളരെ കുറഞ്ഞ യാത്രാ നിരക്ക് എർപ്പെടുത്തിയപ്പോളാണ് അതിന്‍റെ മൂന്നിരട്ടി ചാർജ് ഈടാക്കി ബജററ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ രംഗത്തുള്ള ചൂഷണം. പ്രവാസിയുടെ ദുരിത കാലത്ത് അവരെ ചൂഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ വിമാന കമ്പനി തയ്യാറാകണമെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
