മനാമ: ബഹ്റൈന്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങായി അല്‍ നമല്‍ ഗ്രൂപ്പ് ചെയര്‍മാനും ലോക കേരള സഭാംഗവുമായ വര്‍ഗീസ് കുര്യന്‍. ഹിദ്ദില്‍ പുതുതായി നിര്‍മിച്ച ഇരുനൂറ്റി അന്‍പത്തി മൂന്ന് മുറികള്‍ ഉള്‍പ്പെട്ട എട്ടു കെട്ടിടങ്ങള്‍ സൗജന്യമായി വിട്ടു നല്‍കികൊണ്ടാണ് അദ്ദേഹം അതിജീവനത്തിന്റെ ഉദാത്ത മാതൃകയായത്.
കോവിഡ് കാലത്തെ അതിജീവിക്കുവാന്‍ സൗജന്യമായി നല്‍കിയ കെട്ടിട സൗകര്യങ്ങള്‍ ഫെബ്രുവരി മധ്യം മുതല്‍ കോവിഡ് പ്രതിസന്ധി തീരുന്നവരെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ ക്വാറന്റൈന്‍ സൗകര്യത്തിനായി ഗവണ്‍മെന്റിനു നല്‍കികൊണ്ട് ആതുര സേവന രംഗത്തെ സജീവ സാന്നിധ്യമായി വര്‍ഗീസ് കുര്യന്‍ നിലകൊള്ളുന്നു.
കോവിഡ് ബാധിച്ചവരെ പരിചരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു വേണ്ട മെഡിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നൂറ്റി അറുപത്തി നാലു മുറികളുള്ള പാര്‍ക്ക് രെജിസ് ലോട്ടസ് ഹോട്ടലില്‍ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏപ്രില്‍ മുതല്‍ സൗജന്യമായി പ്രവര്‍ത്തിക്കാന്‍ നല്‍കിയതായി വര്‍ഗീസ് കുര്യന്‍ പറഞ്ഞു.
കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ക്ക് ബഹ്റൈന്‍ രാജാവിനും പ്രധാനമന്ത്രിക്കും ക്രൗണ്‍ പ്രിന്‍സിനും ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍ വര്‍ഗീസ് കുര്യന്‍ നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നല്‍കുന്ന മികച്ച ആരോഗ്യ പരിചരണത്തില്‍ വര്‍ഗീസ് കുര്യന്‍ സംതൃപ്തി പ്രകടിപ്പിച്ചു.
സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും ഒരുപോലെ നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ കോവിഡ് കാലത്തു മാതൃകാപരമെന്നും വര്‍ഗീസ് കുര്യന്‍ പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ പ്രവാസി സമൂഹത്തോടുള്ള ബഹ്റൈന്‍ ഭരണാധികാരികളുടെ സമീപനം ശ്രദ്ധേയമെന്നും വര്‍ഗീസ് കുര്യന്‍ എടുത്തു പറഞ്ഞു.
ബഹ്റൈന്‍ സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്പെടുന്ന ഇത്തരം സഹായങ്ങള്‍ ഇന്നത്തെ അടിയന്തിര ആവശ്യമായി കണ്ടു കൊണ്ടാണ് വര്‍ഗീസ് കുര്യന്‍ കലവറയില്ലാത്ത പിന്തുണയുമായി മുന്‍പോട്ടു പോകുന്നത്. ബഹ്റൈന്‍ എന്ന രാജ്യം നിരവധി വിദേശികളുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനു സഹായകമായ നയനിലപാടുകള്‍ പ്രശംസനീയമാണ്.
ബഹ്റൈന്‍ രാജ്യവും ജനതയും ഭരണാധികാരികളും പ്രവാസികള്‍ക്ക് നല്‍കി പോരുന്ന പ്രാധാന്യവും പരിഗണയും വാക്കുകള്‍ക്കു അതീതമാണ്. കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധി വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് സ്വദേശികളും വിദേശികളും ഒന്ന് ചേര്‍ന്ന് ഒറ്റകെട്ടായി നേരിട്ടു കൊണ്ട് നമുക്കു അതി ജീവിക്കാം.
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കു ഗവണ്‍മെന്റിനെ കഴിയാവുന്ന രീതിയില്‍ സഹായിക്കാന്‍ മറ്റുള്ളവരും മുന്‍പോട്ടു വരും എന്ന പ്രതീക്ഷ വര്‍ഗീസ് കുര്യന്‍ പങ്കുവെച്ചു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഷ്ടപ്പാട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ നിരവധി സഹായ പ്രവര്‍ത്തനങ്ങളുമായി ഇതിനകം തന്നെ അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
കേരള ഗഗവണ്‍മെന്റിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കുമെന്ന് വര്‍ഗീസ് കുര്യന്‍ അറിയിച്ചു . ലോകകേരളസഭയുടെ നേതൃത്വത്തില്‍ ബഹറിനില്‍ കോവിട് മൂലം ആശങ്കയിലായ പ്രവാസി മലയാളികളെ സഹായിക്കാന്‍ കേരള ഗവര്‍മെന്റ് ആരംഭിച്ച നോര്‍ക്ക ഹെല്‍പ് ഡസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സാധ്യമായ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് വര്‍ഗീസ് കുര്യന്‍ അറിയിച്ചു.
ജനപ്രതിനിധികള്‍, സന്നദ്ധ, സാമൂഹ്യ സംഘടനകള്‍ ആവശ്യപ്പെട്ടത് ഉള്‍പ്പെടെ ആവുന്ന വിധം സഹായം എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ആവശ്യക്കാരെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഒരുമിച്ചു നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും വര്‍ഗീസ് കുര്യന്‍ ഓര്‍മിപ്പിച്ചു .