മനാമ: കോവിഡ് പ്രതിരോധ സഹായ പ്രവർത്തനങ്ങൾക്കായി യൂത്ത് കൊണ്ഗ്രെസ്സ് കേരളഘടകം ആരംഭിച്ച യൂത്ത് കെയർ പദ്ധതി ജിസിസിയിലും പ്രവർത്തനമാരംഭിച്ചു. പദ്ധതി എല്ലാ ജി സി സി രാജ്യങ്ങളിലും ആരംഭിക്കുന്നതായി കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം എൽഎ ഫെയ്സ് ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി 40 വയസ്സിൽ താഴെയുള്ള യുവാക്കളെ അംഗങ്ങളാക്കി സാമൂഹിക രംഗത്ത് ശക്തമായി സഹായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവരെ സഹായിക്കുകയാണ് പ്രധാന ലക്‌ഷ്യം. കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരുപാട് പ്രവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിന് ശേഷവും യൂത്ത് കെയർ എന്ന പേരിൽ തുടർന്ന് കൊണ്ടുപോകുവാൻ ഉദ്ദേശിക്കുന്നതായും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.
ബഹറിനിലും ആരംഭിച്ച രെജിസ്ട്രേഷൻ്റെ ആദ്യ ഘട്ടത്തിൽ ഇന്നലെയും ഇന്നുമായി ഐവൈസിസി ബഹ്റൈന്റെ 100 പ്രവർത്തകർ GCC യൂത്ത് കെയറിന്റെ ഭാഗമായി രെജിസ്റ്റർ ചെയ്തതതായി ഭാരവാഹികൾ പറഞ്ഞു. യൂത്ത് കൊണ്ഗ്രെസ്സ് നാട്ടിൽ ഈ പദ്ധതി ആരംഭിച്ചപ്പോൾ മുതൽ ബഹ്‌റൈൻ ഐ വൈ സി സി യും അതിന്റെ ഭാഗമായി ബഹറിനിൽ ഹെല്പ് ഡെസ്ക് ആരംഭിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. നാട്ടിൽ യൂത്ത് കോൺഗ്രസിന്റെ 14 ജില്ല കമ്മറ്റികളുമായും ബന്ധപ്പെട്ട് കോവിഡ്19 സഹായ പദ്ധതികൾ ആവിഷ്കരിച്ച് ഐ വൈ സി സി മുന്നോട്ട് പോകുകയാണെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഐവൈസിസി ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം: 38285008, 33874100