തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രത്തോട് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ലോക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മറിച്ചാണ്. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും അവര്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സംസ്ഥാനം ഒരുക്കമാണെന്നും നേരത്തെ പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
പ്രവാസികളെ കൊണ്ടുവരാന്‍ ഏത് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും അത് സ്വാഗതാര്‍ഹമാണ്. സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനത്തിന് സന്തോഷമേയുള്ളു. കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.