മനാമ: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി അടച്ചിട്ട അല്‍ ഫതഹ് ഗ്രാൻ്റ് മോസ്കിൽ ജുമുഅ നമസ്‌കാരം പുനരാരംഭിക്കുന്നു. നിയന്ത്രണങ്ങളോടെയാണ് പള്ളി ജുമുഅയ്ക്കായി തുറക്കുക. ആദ്യഘട്ടത്തില്‍ ഇമാമിനും അഞ്ച് വിശ്വാസികള്‍ക്കും മാത്രമായിരിക്കും നമസ്‌കാരത്തിനായി പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക. കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രണവിധേയമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് പള്ളിയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അല്‍ ഫതിഹ് പള്ളിയിലെ ഖുതുബയും നമസ്‌കാരവും പ്രക്ഷേപണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനായി പള്ളിയിലെത്തി നമസ്‌കാരം നിര്‍വ്വഹിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജി.സി.സി രാജ്യങ്ങളെല്ലാം തന്നെ പള്ളികളിലെത്തി ആരാധന നടത്തുന്നതിന് നിയന്ത്രണങ്ങളും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുണ്യമാസത്തിലെ തറാവീഹ് വീടുകളില്‍ നിന്ന് നമസ്‌കരിക്കാമെന്ന് യു.എ.ഇ നേരത്തെ ഉത്തരവിട്ടിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കര്‍ശന നടപടികളാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്.