മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷാ സമര്‍പ്പണം സുതാര്യമാക്കണമെന്നും നോര്‍ക്ക പ്രവാസിപക്ഷത്ത് നിലകൊള്ളണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കും ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയവര്‍ക്കുമാണ്‌നോര്‍ക്ക ധനസഹായം പ്രഖ്യാപിച്ചത്. കൊവിഡ് മൂലം ഗള്‍ഫ് നാടുകളില്‍ ബുദ്ധിമുട്ടുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍, നോര്‍ക്ക പ്രഖ്യാപിച്ച ധനസഹായം എങ്ങനെ നല്‍കാതിരിക്കാമെന്നാണ് ആലോചിക്കുന്നത്. അതിനാലാണ് പാസ്‌പോര്‍ട്ട് കൂടാതെ മടക്ക ടിക്കറ്റിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണമെന്ന് പറയുന്നത്. എല്ലാവിവരങ്ങളും പാസ്‌പോര്‍ട്ടില്‍ ഉണ്ടെന്നിരിക്കെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്. നിലവില്‍ ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി യാതൊരുവിധ നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടില്ല. കെ.എം.സി.സി പോലെയുള്ള കാരുണ്യസംഘടനകളാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് ഏക ആശ്രയം.
നോര്‍ക്കയുടെ നിബന്ധനകള്‍ പ്രകാരമാണെങ്കില്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടോ എന്‍.ആര്‍.ഔ/ എസ്.ബി അക്കൗണ്ടോ ഇല്ലാത്തവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനാവില്ല. ഇതിനാല്‍ വലിയൊരു വിഭാഗം പ്രവാസികള്‍ക്കും നോര്‍ത്ത ധനസഹായം നിഷേധിക്കപ്പെടുകയാണ്. കൊവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ട് നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആകെയൊരു ആശ്വാസമാണ് നോര്‍ക്കയുടെ ധനസഹായം. പ്രവാസികളെ സഹായിക്കുക എന്നതാണ് നോര്‍ക്കയുടെ ലക്ഷ്യമെങ്കില്‍ ഈ നടപടികള്‍ ലഘൂകരിച്ച് കൂടുതല്‍ സുതാര്യമാക്കണം.
കൂടാതെ നോര്‍ക്കയുടെ വെബ്‌സൈറ്റ് കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷ പോലും സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ മണിക്കൂറുകളാണെടുക്കുന്നത്. ഇനി ഒരാഴ്ചമാത്രമാണ് അപേക്ഷ സമര്‍പ്പണത്തിന് ബാക്കിയുള്ളത്. അടിയന്തരമായി ഇത് പരിഹരിച്ചില്ലെങ്കില്‍ അര്‍ഹരായ നിരവധി പേര്‍ക്ക് അപേക്ഷ പോലും സമര്‍പ്പിക്കാനാവില്ല. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ സുതാര്യമാക്കി ധനസഹായം അര്‍ഹരായവരിലെത്തിക്കാന്‍ നോര്‍ക്ക അധികൃതര്‍ മുന്‍കൈയെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.