മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ ഈ വര്‍ഷത്തെ റമദാന്‍ പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ. അല്‍ ഫാതിഹ് ഗ്രാന്റ് മോസ്‌ക് ജുമുഅക്കും ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ക്കുമായി തുറക്കുവാനുള്ള ഹമദ് രാജാവിന്റെ നിര്‍ദേശത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. വെള്ളിയാഴ്ച്ച ഖുതുബയും പ്രാര്‍ത്ഥനയും ചാനല്‍ വഴി ജനങ്ങളിലെത്തിക്കാന്‍ നേരത്തെ ബഹ്‌റൈന്‍ തീരുമാനിച്ചിരുന്നു. ഗ്രാന്റ് മോസ്‌കിലെ നമസ്‌കാരങ്ങള്‍ക്കും ഇതര പ്രാര്‍ത്ഥനകള്‍ക്കും അഞ്ച് പേര്‍ മാത്രമെ പങ്കെടുക്കുകയുള്ളു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ്, ഇസ്‌ലാമിക സമൂഹത്തിനും അദ്ദേഹം റമദാന്‍ ആശംസകള്‍ നേരുന്നതായി മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ വ്യക്തമാക്കി. റമദാനില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് നേരത്തെ ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി.
കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ദൈവികാനുഗ്രഹങ്ങളുടെയും ദിനരാത്രങ്ങളെ ആത്മീയ ചൈതന്യത്തോടെ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഖുര്‍ആന്‍ പാരായണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലെനായി നടപ്പിലാക്കുമെന്ന് ബഹ്‌റൈന്‍ അറിയിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ 55 ചാനല്‍ വഴി വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യാനും ധാരണയായിട്ടുണ്ട്.