ഷാര്‍ജ: ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രവാസിയായ കൊല്ലം പുനലൂര്‍ വാളാകോട് സ്വദേശിയായ സോഫിയ ഹബീബ് മരണപ്പെടുന്നത്. സോഫിയയുടെ വിയോഗത്തിന്റെ വിഷമം മാറുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ഹബീബ് റഹ്മാനും വിടപറഞ്ഞു. കഴിഞ്ഞ 36 വര്‍ഷത്തിലേറെയായി ഷാര്‍ജയിലാണ് ഹബീബ് റഹ്മാന്‍ ജോലി ചെയ്യുന്നത്.
ഭാര്യയും കുടുംബവും അദ്ദേഹത്തിനൊപ്പം ഷാര്‍ജയിലുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോഫിയയെ ദുബായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 19ന് സോഫിയ മരണപ്പെട്ടു. ഇതിന് പിന്നാലെ അസുഖം ബാധിച്ച ഹബീബ് റഹ്മാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് മരണം സ്ഥിരീകരിച്ചു. അറുപ്പത്തിയാറ് വയസായിരുന്നു. മക്കള്‍: ഹൈഫ, ഹന, ഹമാദ്, മൂവരും ഷാര്‍ജയില്‍ തന്നെയുണ്ട്.