പ്രവാസികളുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുത്, ഭൗതിക ശരീരം നാട്ടിലെത്തിക്കണം; പ്രതിഷേധവുമായി ബഹ്‌റൈന്‍ പ്രതിഭ

pravasi

മനാമ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി ബഹ്‌റൈന്‍ പ്രതിഭ. ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തില്‍ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യരോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്നും നിയമ പ്രശ്‌നങ്ങള്‍ കാരണം പ്രവാസലോകത്ത് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അവസരമൊരുക്കണമെന്നും പ്രതിഭ പ്രതിഷേധ കുറിപ്പിൽ ആവശ്യപ്പെട്ടു.

പ്രയാസകരമായ സാഹചര്യത്തിലാണ് ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത്. മൃതദേഹങ്ങളോട് പോലും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമായ തീരുമാനം നീക്കം ചെയ്യാന്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകരും അധികാരികളും പ്രധാനമന്ത്രി തലത്തില്‍ ഇടപെടണമെന്നും പ്രതിഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രവാസ മേഖലയിലെ മുഴുവന്‍ പ്രവാസി സംഘങ്ങളും ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് സതീശ് കെ.എം. എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ബഹ്‌റൈന്‍ പ്രതിഭയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

മരിച്ചാലും, സമാധാനം ലഭിക്കാത്തവനായി മാറേണ്ടവനാണ് പ്രവാസി എന്നാണോ ഇന്ത്യന്‍ സര്‍ക്കാറിലെ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെ രാത്രി പുറത്തിറക്കിയ പുതിയ ഉത്തരവിലുടെ പ്രവാസികളും അവന്റെ ലക്ഷകണക്കിന് കുടുംബാംഗങ്ങളും മനസ്സിലാക്കേണ്ടത്. ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തില്‍ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യരെ കേന്ദ്ര സര്‍ക്കാര്‍ ഈ വിധം ദ്രോഹിക്കുകയും പരീക്ഷിക്കുകയുമരുത്.കോവിഡ് – 19 മഹാമാരി കാലത്ത് അത്തരം രോഗത്താലും അല്ലാതെയുമുള്ള അപകടത്താലും മരണമടഞ്ഞവരെ കാര്‍ഗോ വിമാനത്തില്‍ നാട്ടില്‍ എത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് വേണ്ടപ്പെട്ടവരെ അവസാനമായി കാണുന്നതിനുള്ള അവകാശമാണ് ഇല്ലാതാക്കിയിരിക്കുന്നത്.

കുവൈറ്റില്‍ നിന്നും കോഴിക്കാട് മണിയൂര്‍ സ്വദേശി വിനോദ്, മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പ്, എന്നിവരുടെ ഭൗതിക ശരീരം ഇന്ന് നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.കോവിഡിന്റെ ഈ പ്രത്യേക സാഹചര്യങ്ങളില്‍ രോഗബാധിതരല്ലാതെ മരിച്ച നിരവധി മൃതദേഹങ്ങളാണ് മോര്‍ച്ചറികളില്‍ ഉള്ളത്.

വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത്. മൃതദേഹങ്ങളെ പോലും അനാദരിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമായ തീരുമാനം മാറ്റാന്‍ കേരള മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് കേരളം തെരഞ്ഞെടുത്ത എം.പിമാരും പ്രധാനമന്ത്രി തലത്തില്‍ ഇടപെട്ട് ഈ പ്രശ്‌നത്തില്‍ സത്വരമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!