തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ പുതിയ കൊറൊണ വൈറസ് കേസുകളില്ല. ഇന്ന് 61 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയി ചുരുങ്ങി. ഇതുവരെ 499 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയില്‍. 61 പേര്‍ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
21724 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 21352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും പിണറായി വ്യക്തമാക്കി. മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായില്ല. 1249 ടെസ്റ്റുകള്‍ ഇന്ന് നടന്നിട്ടുണ്ട്.
കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നു. എന്നാല്‍ കേരളീയര്‍ ലോകത്തിന്റെ പല ഭാഗത്തും രോഗത്തിന്റെ പിടിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.