കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്ക് പ്രതിവാരം രണ്ട് സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ

മനാമ : കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്ക് ആഴ്ച്ചയിൽ രണ്ട് സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ആഴ്ച്ചയിലെ ബുധനാഴ്ച്ചയും ശനിയാഴ്‌ച്ചയുമാണ് കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് സർവ്വീസ്. എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ കെ.ശ്യാം സുന്ദർ ആണ് കണ്ണൂരിൽ നിന്നും ബഹ്റൈൻ വഴി കുവൈത്തിലേക്ക് സർവ്വീസ് ആരംഭിക്കുന്ന വിവരം സ്ഥിരീകരിച്ചത്. കണ്ണൂരിൽ നിന്നും രാവിലെ 7:10 ന് പുറപ്പെടുന്ന വിമാനം 9:10 ന് ബഹ്റൈനിലും, ബഹ്റൈനിൽ നിന്നും 10:10 ന് പുറപ്പെട്ട് 11:10 ന് കുവൈത്തിൽ എത്തുന്ന രീതിയിലുമാണ് സമയം സജ്ജീകരിച്ചിരിക്കുന്നത്.

ബഹ്റൈന് പുറമെ ഖത്തറിലേക്കും സൗദിയിലേക്കും കണ്ണൂരിൽ നിന്നും പുതിയ സർവ്വീസുകൾ എയർ ഇന്ത്യ ആരംഭിക്കുമെന്ന് എയർ ഇന്ത്യ മേധാവി പറഞ്ഞു. ആഴ്ച്ചയിൽ മൂന്ന് ദിവസം കണ്ണൂരിൽ നിന്ന് മസ്ക്കത്തിലേക്കും എയർ ഇന്ത്യ സർവ്വീസ് നടത്തും. ഗൾഫ് മേഖലകളിലെ സ്കൂൾ, പൊതു അവധി കാലങ്ങളിൽ കണ്ണൂർ എയർപോർട്ടിന് പുറമെ കേരളത്തിലെ വിവിധ എയർപ്പോർട്ടുകളിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും എയർ ഇന്ത്യ സിഇഒ വ്യക്തമാക്കി. നിലവിൽ കേരളത്തിൽ നിന്നും 621 വിമാനങ്ങളാണ് പ്രതിവാരം കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിൽ സർവ്വീസ് നടത്തുന്നത്. വേനൽ അവധി ആരംഭിക്കുന്നതോടു കൂടി 635 സർവ്വീസുകൾ ആയി വർധിക്കും.