മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ഭീതിയില്‍ കഴിയുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ചെലവുകള്‍ സ്വയം വഹിക്കണമെന്ന കേന്ദ്രസര്‍ക്കാർ തീരുമാനം പ്രവാസി വിരുദ്ധവും യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ബഹ്‌റൈന്‍ കെ.എം.സി.സി.
തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെലവും സ്വയം വഹിക്കണമെന്ന് പറയുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. നിലവില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ട വലിയൊരു വിഭാഗം പ്രവാസികളും കാരുണ്യസംഘടനകളുടെ സഹായം കൊണ്ടാണ് ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞു പോകുന്നത്. യാതൊരുവിധ സമ്പാദ്യമോ നിക്ഷേപങ്ങളോ ഇല്ലാത്തവരാണ് ഭൂരിഭാഗം പ്രവാസികളും. അതിനാല്‍ തന്നെ ഭീമമായ തുകയ്ക്ക് ടിക്കറ്റുകളെടുക്കുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമാണ്. മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സൗജന്യമായി തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളും കപ്പലുകളും ആദ്യഘട്ടത്തില്‍തന്നെ അയച്ചപ്പോള്‍, അവസാനഘട്ടത്തിലാണ് ഇന്ത്യ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് ഈ നടപടി കടുത്ത പ്രഹരവും സൃഷ്ടിച്ചു. നാടിന്റെയും വീടിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് പ്രവാസികള്‍ സ്വയം ജീവിതം പോലും സമര്‍പ്പിച്ച് പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. എന്നിട്ടും ഭരണകൂടം പ്രവാസികളെ അവഗണിക്കുകയാണ്.
ജോലി നഷ്ടപ്പെട്ടവര്‍, അവശതയുള്ളവര്‍, ഗര്‍ഭിണികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയില്‍ വന്നവര്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ടിക്കറ്റ് വില, ക്വാറന്റൈന്‍ ചിലവ് എന്നിവ ഇക്കൂട്ടര്‍ എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. അതിനാല്‍ വിമാന യാത്ര ആരംഭിച്ചാലും വലിയൊരു വിഭാഗത്തിന് നാട്ടിലെത്താന്‍ സാധിക്കാതെ വരും. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൂടിയാലോചിച്ച് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനമൊരുക്കണമെന്നും പ്രസിഡന്റ് ഹബീബുറഹ്മാന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൂടാതെ യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിലും പട്ടിക തയാറാക്കുന്നതിലും ഇന്ത്യന്‍ എംബസി സത്യസന്ധതയും നീതിയും ഉറപ്പുവരുത്തണമെന്നും ബാഹ്യസമ്മര്‍ദങ്ങള്‍ വകവയ്ക്കാതെ അര്‍ഹതപ്പെട്ടവരെ നാട്ടിലെത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.