ബഷീര്‍ വാണിയക്കാട് (മൈത്രി അസോസിയേഷൻ ബഹ്‌റൈൻ)
ഓരോ മുസല്‍മാനും എപ്പോഴും, റമദാന്‍ മാസത്തില്‍ വിശേഷിച്ചും ഒഴിവാക്കേണ്ട പ്രധാന ദുഃസ്വഭാവമാണ് മറ്റുള്ളവരെ പരിഹസിക്കല്‍. ഈ ദുഷിച്ച പ്രവണതയെ പറ്റി ഖുര്‍ആനിലും ഹദീസിലും ഏറെ പരാമര്‍ശങ്ങള്‍ കാണാം. സൂറ: ഹുജുറാത്തില്‍ സത്യവിശ്വാസികളെ വിളിച്ച് കൊണ്ട് അല്ലാഹു പറയുന്നു. ‘
നിങ്ങള്‍ ഒരാളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരേക്കാള്‍ ഉത്തമരായേക്കാം’
സ്ത്രീ സമൂഹത്തെ കൂടി പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ടാണ് ഈ മുന്നറിയിപ്പ്. ഇനി ഒരു ഹദീസ് കൂടി നോക്കൂ.
‘പരിഹസിക്കുന്നവര്‍ക്കായി സ്വര്‍ഗത്തിലേക്ക് ഒരു കവാടം തുറക്കപ്പെടും. അവരില്‍ ഒരുത്തനോട് പറയപ്പെടും. ഇതാ ഇങ്ങോട്ട് വരൂ. സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളൂ. അപ്പോള്‍ ഏറെ പ്രയാസപ്പെട്ടും വിഷമം സഹിച്ചും അവന്‍ അവിടെക്ക് ചെല്ലും. അവിടെ എത്തുമ്പോഴേക്ക് ആ വാതില്‍ അവന്റെ നേരെ അടക്കപ്പെടും. പിന്നീട് മറ്റൊരു വാതില്‍ തുറക്കപ്പെടും. അതും വിളിച്ച് പറയും. സ്വര്‍ഗത്തിലേക്ക് കടന്ന് വരൂ. അവന്‍ വിഷമിച്ച് അവിടേക്കെത്തുമ്പോള്‍ അതും അടക്കപ്പെടും. ഇതിങ്ങിനെ തുടര്‍ന്ന് കൊണ്ടിരിക്കും.
പരിഹസിക്കുന്നവര്‍ക്ക് അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന അപമാനത്തിന്റെ, നാണക്കേടിന്റെ ചിത്രീകരണമാണ് ഈ ഹദീസിലൂടെ റസൂല്‍(സ) നല്‍കുന്നത്. മാനുഷിക സാഹോദര്യ ബന്ധത്തെ ശിഥിലമാക്കുന്ന പ്രവര്‍ത്തിയാണ് പരിഹാസം. ജനമധ്യത്തില്‍ മറ്റുള്ളവരെ അവഹേളിക്കുന്നതിനാണ് പരിഹാസമെന്ന് പൊതുവെ പറയപ്പെടുന്നത്.
എന്നാല്‍ പരിഹാസം നാവ് കൊണ്ട് മാത്രമല്ല. മുഖം കൊണ്ടും കണ്ണ് കൊണ്ടും ഗോഷ്ടി കാണിക്കുക, കൈ കൊണ്ടും ശരീരം കൊണ്ടും ദുഃസ്സൂചനയുടെ ആംഗ്യം കാണിക്കുക ഇതൊക്കെ പരിഹാസത്തിന്റെ പരിധിയില്‍ വരും.
ഒരിക്കല്‍ നബിയുടെ പ്രിയ പത്‌നി ആയിശ(റ) മറ്റൊരു പത്‌നിയായ സ്വഫിയയെ പറ്റി ഒരു വര്‍ത്തമാനം പറയുന്നുണ്ട്. അതും നബി തിരുമേനിയോട് നേരിട്ട്. സഫിയ എന്നവള്‍ക്ക് ചില കുറവുകളുണ്ട്. അവളുടെ ശരീരം കണ്ടില്ലെ കുള്ളത്തിയാണ്. ആയിശ (റ)യുടെ ആക്ഷേപ സ്വരത്തിലുള്ള വര്‍ത്തമാനം കേട്ട റസൂല്‍(സ) പറഞ്ഞ മറുപടി നമ്മുടെ മുന്നിലുണ്ട്.
‘യാ ആയിശാ, നീ പറഞ്ഞ വാക്ക് സമുദ്രത്തിലാണ് വീണതെങ്കില്‍ ആ വെള്ളം മുഴുവന്‍ കലക്കിക്കളയുമായിരുന്നു. അത്രയും മോശമായ വര്‍ത്തമാനമാണത്.’
അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ.