മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,737പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബഹ്‌റൈനിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 8 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
3076 പേര്‍ ബഹ്‌റൈനില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 2152 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയുണ്ട്. സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ സൗദിയില്‍ 9 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതില്‍ പ്രവാസി മലയാളിയും ഉള്‍പ്പെടും. ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു മലയാളി ദുബായിലും വൈറസ് ബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്.
ബഹ്‌റൈന് സമാനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഒമാനില്‍ പുരോഗമിക്കുന്നത്. ഒമാനില്‍ ഇതുവരെ 3573 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 17 പേരാണ് മരിച്ചത്. 0.5 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 37.8 ശതമാനമാണ്. അതായത് മൊത്തം രോഗബാധിതരില്‍ മൂന്നിലൊന്നിനും രോഗം സുഖപ്പെട്ടു. ലോകത്തെ മികച്ച രോഗമുക്തി നിരക്ക് ആണിത്. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഒമാന്റെ നീക്കം.