ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2549 ആയി. 3722 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിലാണ് സ്ഥിതിഗതികള്‍ ഏറ്റവും ഗുരുതരമായി തുടരുന്നത്. കാല്‍ലക്ഷം പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 പകരുന്നത് തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. പലയിടങ്ങളിലും രോഗികളുടെ റൂട്ട് മാപ്പ് പൂര്‍ണമല്ല. ധാരാവിയുള്‍പ്പെടെയുള്ള ജനസാന്ദ്രതയേറിയ ചേരി, നഗര പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും ശക്തമായ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെങ്കിലും രോഗവ്യാപനം നിയന്ത്രണ വിധേയമല്ല.
ഗുജറാത്തില്‍ രോഗികളുടെ എണ്ണം ഒന്‍പതായിരം കടന്നു. 566 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. രണ്ടു ലക്ഷത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. നാല്പത്തിയാറുപേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറില്‍ 48 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ ഗുരുതരമാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.