ബഷീര്‍ വാണിയക്കാട് (മൈത്രി അസോസിയേഷൻ)
‘തീര്‍ച്ചയായും നാം ഈ ഖുര്‍ആന്‍ വിധി നിര്‍ണയ രാവില്‍ അവതരിപ്പിച്ചു. വിധി നിര്‍ണയ രാവ് എന്തെന്ന് താങ്കള്‍ക്കറിയാമോ വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്. ആ രാവില്‍ മലക്കുകളും ജിബ്രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി. പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും’.
(Sura 97 : Aya 1-5)
റമദാനിലെ അവസാന പത്ത് ദിവസം നന്‍മകള്‍ വര്‍ദ്ധിപ്പിച്ചും, ഉറക്കമൊഴിച്ച് നാഥനെ സ്മരിച്ചും, നാമകാരം നിര്‍വഹിച്ചും, സകാത്തും ദാനധര്‍മങ്ങളും നല്‍കിയും, ഖുര്‍ആന്‍ പാരായണം ചെയ്തും, പള്ളികളില്‍ ഭജനമിരുന്നും ഈ രാത്രിയുടെ പുണ്യം കരഗതമാക്കാന്‍ ആഗ്രഹിക്കാത്ത വിശ്വാസികള്‍ വിരളമായിരിക്കും.
അല്ലാഹു ഖുര്‍ആനിലൂടെയും, പ്രവാചകന്‍ ഹദീസിലൂടെയും സത്യവിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള രാത്രിയാണത്.
അതില്‍ സന്ദേഹത്തിന് അശേഷം അടിസ്ഥാനമില്ല. അല്ലാഹു പ്രവാചകന് ആദ്യമായി ഖുര്‍ആന്‍ അവതരിപ്പിച്ചത് ഈ മഹത്തായ രാത്രിയിലാണെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് പള്ളികളില്‍ ഇഅതികാഫ് (ഭജന) ഇരിക്കാന്‍ കഴിയാത്തത് കൊണ്ട് വേവലാതിപ്പെടേണ്ടതില്ല. റബ്ബ് നോക്കുന്നത് നമ്മുടെ ഹൃദയങ്ങളിലാണ്. അത് കൊണ്ട് തന്നെ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നേടാന്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പള്ളി ഒരു നിര്‍ബന്ധ ഘടകമല്ല. ലോക്ക് ഡൗണിന്റെ അവസരം ഉപയോഗപ്പെടുത്തി കുടുംബത്തോടൊപ്പം നമ്മുടെ വീടകങ്ങള്‍ പള്ളികളാക്കി അവസാന പത്തില്‍ ഇബാദത്തുകളില്‍ മുഴുകുക.
ഒരു മനുഷ്യന്‍ താന്‍ മുന്നേ ചെയ്ത് പോയ തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ദൈവത്തോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് റമദാനിലെ അവസാന പത്ത് ദിനരാത്രങ്ങള്‍. ഒരു വിശ്വാസി ഈ ദിവസങ്ങള്‍ ഉപയോഗപ്പെടുത്തി പാപമോചനം നേടിയില്ലെങ്കില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടു പോയെന്നാണ് നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇനിയൊരു റമദാനോ അതിലെ പുണ്യ രാത്രിയോ നമുക്ക് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
ലൈലത്തുല്‍ ഖദ്ര്‍ എന്ന മാഹാത്മ്യത്തിന്റ രാത്രി റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളില്‍ പ്രതീക്ഷിക്കാനാണ് നബി(സ) വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്.
‘ റമദാനിലെ അവസാന പത്തായാല്‍ നബി(സ) (ആരാധനകള്‍ കൊണ്ട് ) രാത്രിയെ സജീവമാക്കുകയും കുടുബത്തെ വിളിച്ചുണര്‍ത്തുകയും അര മുറുക്കി തയ്യാറെടുക്കുകയും ചെയ്യുമായിരുന്നു.’ (ഹദീസ്)
ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തേഴാം രാത്രിയാണെന്ന അഭിപ്രായവും ചില പണ്ഡിതന്‍മാര്‍ക്കുണ്ടു്.
നബി (സ) ഇങ്ങിനെ പറഞ്ഞു.
‘വിധി നിര്‍ണയ രാവില്‍ ആരെങ്കിലും നിന്ന് നമസ്‌കരിച്ചാല്‍ അയാളുടെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.’
ആയിശ(റ) പറയുന്നു.
‘അല്ലാഹുവിന്റ ദൂതരെ, ലൈലത്തുല്‍ ഖദ്ര്‍ ഏത് രാ ത്രിയാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് പറഞ്ഞു തന്നാലും’.
തിരുമേനി പറഞ്ഞു.
ഇങ്ങിനെ പ്രാര്‍ത്ഥിക്കുക.
‘അല്ലാഹുവെ നീ തീര്‍ച്ചയായും മാപ്പ് ചെയ്യുന്നവനല്ലയോ , മാപ്പ് ചെയ്യുന്നത് നിനക്കിഷ്ടമാണ് അതിനാല്‍ എനിക്ക് മാപ്പ് ചെയ്യേണമേ’.
(അഹ്മദ്, ഇബ്‌നുമാജ, തിര്‍മിദി)
ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം ലഭിക്കുന്ന ഭാഗ്യവാന്‍മാരില്‍ നാഥന്‍ നമ്മെ ഏവരെയും ഉള്‍പ്പെടുത്തട്ടെ.