അബ്ദുൽ വഹാബ് (മൈത്രി അസോസിയേഷൻ, ബഹ്റൈൻ)
മടങ്ങുക അല്ലെങ്കിൽ തിരികെ വരിക എന്നാണ് തൗബയുടെ അർഥം. നാമുമായി ബന്ധപ്പെട്ട ആരെങ്കിലുമായി പിണങ്ങി കഴിയുന്നുവെങ്കിൽ തെറ്റുകൾ മനസ്സിലാക്കി തിരുത്തി സ്നേഹത്തോടെ സഹവസിക്കുക.
അത് പോലെയാണ് നാമും റബ്ബുമായുള്ള ബന്ധം അല്ലെങ്കിൽ കരാർ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനുള്ള ഉചിത സന്ദർഭമാണ് പരിശുദ്ധ റമദാനിലെ അവസാനത്തെ ദിനങ്ങൾ.
തെറ്റുകൾ മനുഷ്യസഹജമാണ്. സാഹചര്യങ്ങളുടെ സമ്മർദഫലമായി പലപ്പോഴും സംഭവിക്കുന്ന വലുതും ചെറുതും അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും ചെയ്ത തെറ്റുകുറ്റങ്ങൾ കഴുകി കളയാൻ ഉചിതമായ സമയമാണ് റമദാൻ അവസാന പത്തിലെ തൗബ.
നാമോരുത്തരും ആത്മാർഥമായ തൗബക്ക് സമയം കണ്ടെത്തേണ്ടതുണ്ട്. കണ്ണുകളുടെ സ്വകാര്യ ദർശനം മുതൽ ഹൃദയാന്തരങ്ങളുടെ മർമരം വരെ എല്ലാം അറിയുന്ന റബ്ബിെൻറ മുമ്പിൽ (വി. ഖു. 40/19) എന്തു മറച്ചു വെക്കാൻ. എല്ലാം തുറന്ന് സമ്മതിക്കുക. ഒരിക്കലും ആവർത്തിക്കില്ല എന്ന് ഉറപ്പ് പറഞ്ഞു പൊട്ടിക്കരഞ്ഞു മാപ്പിരക്കുക. ആ നിമിഷം മുതൽ തെറ്റ് ചെയ്തുപോയവരെ അനുഗ്രഹത്തിൻ്റെ പടിക്ക് പുറത്ത് നിർത്താതെ അവർക്ക് ആകാശഭുവനങ്ങളുടെ വ്യാസമുള്ള സ്വർഗം തയ്യാറാക്കി വെച്ച, അല്ലാഹുവിൻ്റെ അപാരമായ കാരുണ്യത്തെ കുറിച്ച് നാം മനസ്സിലാക്കുക. തൗബ വഴി അല്ലാഹുവിൻ്റെ പ്രീതി നേടുക നമ്മുടെ ലക്ഷ്യമായി മാറണം. ആരാധനകളിലൂടെയും പ്രാർഥനകളിലൂടെയും അതിന് സാധ്യമാകണം. അതിന് ഏറ്റവും അനുയോജ്യ ദിനങ്ങളെന്ന നിലക്കാണ് അവസാന പത്തിനെ വിശ്വാസികൾ ഓരോരുത്തരും കാണേണ്ടത്.
അല്ലാഹു പറയുന്നു. തീർച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു (വി. ഖു. 2/222)
റമദാനിലെ ഓരോ ദിന രാത്രങ്ങളും പുണ്യമാണെങ്കിലും ഒടുവിലെ പത്തിൽ റസൂൽ(സ) ആരാധനകൾക്കായി വളരെ ആവേശത്തോടെ ഒരുങ്ങുമായിരുന്നു. ലൈലത്തുൽ ഖദ്ർ എന്ന പുണ്യ രാവിന് കൂടുതൽ സാധ്യതയുള്ള നാളുകളാണ് അവസാന പത്ത്. ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ള ഒരൊറ്റ രാത്രിയാണിത്. ഒരു പുരുഷായുസ്സിൻ്റെ ആരാധനാ സൗഭഗം കൈവരുന്ന അസുലഭാവസരം. അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ് കൂടുതൽ സാധ്യതയെങ്കിലും അവസാന പത്തിലെ ഏത് ദിനവും പ്രതീക്ഷിക്കാം. വിധിനിർണയ രാവിലാണ് ഖുർആൻ അവതീർണമായതത്. ലൈലത്തുൽ ഖദ്റിൻ്റെ പുണ്യം നേടാനൂം അതുവഴി നമ്മുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് സ്വർഗം ലഭിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ