bahrainvartha-official-logo
Search
Close this search box.

ഇസ്ലാമില്‍ മിതത്വം പൂര്‍ണമായ ജീവിതം അനിവാര്യമാണ്, പുണ്യ റമദാനില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കഴിയാം; ഷബീര്‍ അലി ക്ലാപ്പന എഴുതുന്നു

IMG-20200517-WA0001

ഷബീര്‍ അലി ക്ലാപ്പന (മൈത്രി അസോസിയേഷൻ)

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിലെ നാലാമത്തെ കര്‍മമാണ് റമദാന്‍ മാസത്തിലെ വ്രതം. അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അവന്‍ നമ്മുടെ രക്ഷിതാവാണെന്നതിന്റെയും ഏറ്റവും വലിയ ദൃഷ്ടാന്തമായ ഖുര്‍ആന്‍ അവതരിച്ച മാസം എന്നതാണ് ഹിജ്രി കലണ്ടറിലെ ഒന്‍പതാം മാസമായ റമദാനെ നോമ്പ് എന്ന മഹത്തായ കര്‍മം കൊണ്ടനുഗ്രഹിക്കാനുള്ള കാരണം. ഇസ്ലാമിക ലോകത്തിന്റെ വളര്‍ച്ചയിലേക്ക് വഴി തുറന്ന ബദ്ര്‍ നടന്നത് റമദാന്‍ പതിനേഴിനായിരുന്നു. കൂടാതെ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ള റമദാന്‍ അവസാന പത്തിലെ ഒറ്റയായ രാവില്‍ പ്രതീക്ഷിക്കാന്‍ പ്രവാചകന്‍ അരുളിയ ‘ലൈലത്തുല്‍ ഖദ്ര്‍’ എന്ന മഹത്തായ രാവും റമദാന്റെ മാത്രം പ്രത്യേകതയാണ്.

ആത്മീയവും ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ് റമദാന്‍ മാസത്തിലെ വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്. പട്ടിണി കിടക്കലും ദാഹം അനുഭവിക്കലും മാത്രമല്ല നോമ്പ്. ലൗകിക സുഖങ്ങളില്‍ വ്യാപൃതരാവാതെ ആരാധനാ കര്‍മങ്ങളും സദ് പ്രവൃത്തികളും കൂടിച്ചേരുമ്പോഴേ നോമ്പിന് പൂര്‍ണതയുണ്ടാകൂ. മിതത്വം പാലിക്കുക എന്നത് ഇസ്ലാമിന്റെ വ്യതിരിക്തമായ കാഴ്ച്ചപ്പാടുകളിലൊന്നാണ്. പ്രത്യേകിച്ച് റമദാന്‍ മാസത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ട്.

റമദാനില്‍ ഏറ്റവും കൂടുതല്‍ മിതത്വം പാലിക്കേണ്ടത് ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിലാണ്. നിര്‍ഭാഗ്യവശാല്‍ ഇസ്ലാമിക സമൂഹം പൊതുവെ കൂടുതല്‍ ഭക്ഷണം ഉപയോഗിക്കുന്നത് റമദാനിലാണെന്നതാണ് ഇതിന്റെ വൈരുധ്യം. ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കിക്കളയുന്നതും റമദാനിലാണ്. നിലവിലെ കൊറോണ വൈറസ് വ്യാപന സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ ദുരുപയോഗത്തിന് കുറവ് വന്നിട്ടുണ്ടെന്നത് ശ്ളാഘനീയമാണ്. വരും വര്‍ഷങ്ങളില്‍ ഈ രീതി പിന്തുടര്‍ന്നാല്‍ അത് സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കും. അമിത വ്യയവും ധൂര്‍ത്തും തടയുന്നതിലും സ്വ ജീവിതത്തില്‍ നിന്നും അവ ഒഴിവാക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തണം. നേതാക്കളും പണ്ഡിതന്മാരും അതിനെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണം.

അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലാര്‍ഹമായ കര്‍മമായ നോമ്പ് തുറ ഇന്ന് ഇഫ്താര്‍ പാര്‍ട്ടി എന്ന ലേബലിലേക്ക് മാറിയിരിക്കുന്നു. അതിന്റെ മറവില്‍ പാഴാക്കിക്കളയുന്ന ആഹാരസാധനങ്ങളുടെ കണക്കെടുത്താല്‍ നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഒരു നന്മയുടെ മറവില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ അതിന്റെ മഹത്വം ഇല്ലാതാക്കി കളയുമെന്ന് മാത്രമല്ല നാളെ റബ്ബിന്റെ കോടതിയില്‍ ഇതിനെല്ലാം ഉത്തരം പറയേണ്ടുന്ന ഗൗരവകരമായ തെറ്റായി മാറുമെന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തും ഒഴിവാക്കിയില്ലെങ്കില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടാനുള്ള കരളുറപ്പ് ലഭിക്കുകയില്ല. സാമ്പത്തിക അസമത്വം അവസാനിപ്പിക്കാനാണ് അല്ലാഹു സകാത് നല്‍കാന്‍ കല്‍പിച്ചിട്ടുള്ളത്. ഓരോരുത്തരും തങ്ങളുടെ സമ്പത്തിന്റെ ശുദ്ധീകരണം നടത്തേണ്ടത് സകാത് നല്‍കിക്കൊണ്ടാണ്.

ഹലാലായ മാര്‍ഗത്തില്‍ സമ്പാദിക്കാനും ഹലാലായ മാര്‍ഗത്തില്‍ ചെലവഴിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കട്ടെ.. നമ്മുടെ എല്ലാ സദ്കര്‍മങ്ങളും റബ്ബ് സ്വീകരിക്കുകയും ചെയ്യട്ടെ..

ആമീന്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!