മനാമ: ബഹ്‌റൈനില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കും കേരളീയ സമാജവും. പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും അനുമതി ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ രണ്ടാംഘട്ട റീപാട്രീഷന്‍ വിമാന സര്‍വീസില്‍ ഒരെണ്ണം മാത്രമാണ് ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്നത്. തൊഴില്‍ നഷ്ടപ്പെട്ടവരും രോഗികളായവരും ഉള്‍പ്പെടെയുള്ള പ്രവാസികളെ മുഴുവന്‍ ജന്മനാട്ടിലെത്തിക്കാന്‍ പ്രസ്തുത സര്‍വീസ് മാത്രം മതിയാകില്ലെന്ന് നേരത്തെ പ്രവാസി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് ചാര്‍ട്ടേഡ് വിമാന സൗകര്യമൊരുക്കാനുള്ള ശ്രമങ്ങളുമായി നോര്‍ക്കയും കേരളീയ സമാജവും രംഗത്ത് വന്നിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാന സൗകര്യം ഏര്‍പ്പെടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതായി സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള പറഞ്ഞു. ചാര്‍ട്ടേഡ് വിമാനത്തില്‍ 170 പേരെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 22ന് ഉച്ചക്ക് 1.35ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന റീപാട്രീഷന്‍ വിമാനത്തില്‍ 177 പേര്‍ക്കാണ് യാത്രാനുമതി ലഭിക്കുക.
ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചാല്‍ താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കഴിയും. എന്നാല്‍ വിമാനത്തിന് സര്‍വീസ് അനുമതി ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. രണ്ടാംഘട്ടത്തിലും യാത്രാനുമതി ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാന സൗകര്യം വലിയ പിന്തുണയാകും.
ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനാണ് തങ്ങള്‍ നടത്തുന്നതെന്ന് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് ചുമതല വഹിക്കുന്ന ലോക കേരളാ സഭാ അംഗം സിവി നാരായണനും പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂരും പറഞ്ഞു.