മനാമ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുവാൻ വേണ്ടി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ആരംഭിച്ച ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി ക്ക് അനുവദിച്ച കിറ്റുകളുടെ വിതരണം ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ മൂസ്സാ അഹ്മദ് ൽനിന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ചാരിറ്റി വിഭാഗം സെക്രട്ടറി മനു മാത്യു എന്നിവർ സ്വീകരിച്ചു.
ഒഐസിസിയുടെ വിവിധ ജില്ലാ കമ്മറ്റികളുടെയും ദേശീയ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മാർച്ച് മാസം മുതൽ കരുതലും, കൈത്താങ്ങലും എന്ന പേരിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തുവരുന്നുണ്ട്. ബഹ്‌റൈനിലെ പല പ്രമുഖ സ്ഥാപങ്ങളും, വ്യക്തികളും വ്യവസായ പ്രമുഖരും ഈ സംരംഭത്തോട് സഹകരിക്കുന്നുണ്ട്. ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ കഴിഞ്ഞ അനേക വർഷക്കാലമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ സ്ഥിര സാന്നിധ്യമാണ്. കൂടാതെ പാവപ്പെട്ട രോഗികൾക്ക്, സ്വദേശി എന്നോ വിദേശി എന്നോ നോക്കാതെ അർഹതപ്പെട്ട ആളുകൾക്ക് സൗജന്യമായി മരുന്നുകളും മെഡിക്കൽ സഹായവും ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ചെയ്തു വരുന്നുണ്ട്. അർഹതപ്പെട്ട എല്ലാ ആളുകളെയും സഹായിക്കുവാൻ സാധിക്കുന്നത് ഒരു പുണ്യ കർമ്മമായി കരുതുന്നതായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ സി ഇ ഒ ഹബീബ് റഹ്മാൻ അറിയിച്ചു.