മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (ശനിയാഴ്ച) ഇന്ന് രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ വാഗ്മിയും സമസ്ത ഇസ്ലാമിക് സെന്റര്‍ ഉപാദ്ധ്യക്ഷനുമായ സകരിയ്യ ഫൈസി പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 70 കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ബഹ്റൈനിലും ഇന്ന് മനുഷ്യ ജാലിക സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി ഉയര്‍ന്നുവരുന്ന വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം രാജ്യത്തിന്‍റെ മതേതര മൂല്യങ്ങളും സൗഹാര്‍ദ്ദവും പുതുതലമുറക്ക് കൈമാറുകയെന്നതും മനുഷ്യജാലിക സംഗമങ്ങളുടെ ലക്ഷ്യമാണ്. പരിപാടിയുടെ ഭാഗമായി ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവയും നടക്കും.
ബഹ്റൈനിലെ മനുഷ്യജാലിക സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത നേതാക്കള്‍ക്കു പുറമെ ബഹ്റൈനിലെ വിവിധ മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273, 33413570 ല്‍ ബന്ധപ്പെടുക.
ബഹ്റൈനില്‍ മനുഷ്യജാലികയുടെ സന്ദേശ പ്രചരണത്തോടനുബന്ധിച്ച് മനാമ, ഹൂറ, ഗുദൈബിയ, ജിദ്ഹഫ്സ്, ഉമ്മുല്‍ ഹസം, ഗലാലി, മുഹറഖ്, ഈസ്റ്റ് റഫ, സാര്‍, ബുദയ്യ, സല്‍മാനിയ്യ, ഹമദ് ടൗണ്‍, ദാറു കുലൈബ്, ജിദാലി, ഹിദ്ദ്, സനാബീസ് എന്നീ ഏരിയകളും വിവിധ സംഘടനാ ഓഫീസുകളും കേന്ദ്രീകരിച്ച് ചലോജാലിക പ്രചരണ പര്യടനവും സപ്ലിമെന്‍റ് പ്രകാശനവും നടന്നിരുന്നു.