ബഹ്റൈൻ അന്താരാഷ്ട്ര വിമാനതാവളം വഴി യാത്ര ചെയ്ത സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്

മനാമ : ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണത്തില്‍ മുൻ വര്‍ഷത്തേതിൽ നിന്നും ഏഴ് ശതമാനം വര്‍ധനവാണുണ്ടായത്.

2018ല്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമ്പത് ദശലക്ഷം പേര്‍ യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഥാമിര്‍ അല്‍ കഅ്ബിയാണ് വ്യക്തമാക്കിയത്. 2017നേക്കാള്‍ ഏഴ് ശതമാനം യാത്രക്കാരാണ് 2018ൽ വര്‍ധിച്ചത്. 6,24,000 എയര്‍ സര്‍വീസുകള്‍ക്ക് ബഹ്‌റൈന്‍ എയര്‍ കണ്‍ട്രോള്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം സേവനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൊട്ടു മുമ്പുള്ള വര്‍ഷത്തേക്കാള്‍ നാല് ശതമാനം വര്‍ധനവാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. എയര്‍ കണ്‍ട്രോളിങ് സെന്ററില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി നിയമിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വന്‍ വികസനത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.