കൊറോണക്കാലത്തെ പെരുന്നാൾ വിചാരങ്ങൾ; നൗഷാദ് മഞ്ഞപ്പാറ എഴുതുന്നു

IMG-20200520-WA0116

വിശുദ്ധ റമദാൻ മാസത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് തെളിയുമ്പോൾ വിശ്വാസികളുടെ മനസ്സ് സമ്മിശ്ര വിചാര വികാരങ്ങളോടെയായിരിക്കും.

വ്രതശുദ്ധിയിലൂടെ നേടിയ ആത്മ സംസ്കരണത്തിന്റെ പ്രഭയിലാണ് ഇസ്ലാമിക ലോകം ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. അക്രമവും അനീതിയും വ്യാപകമായ ആധുനിക ലോകത്ത് ഈദുൽ ഫിത്റിന്റെ സന്ദേശത്തിന് വർധിച്ച പ്രസക്തിയുണ്ട്. ദൈവ ഭക്തിയും ജീവിത മൂല്യവും മനുഷ്യ ഹൃദങ്ങളിലാണ് കുടികൊള്ളുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ റമദാൻ ഈദുൽ ഫിത്ർ ദിനത്തിന് നൽകുന്ന സ്ഥാനം ഏറെ വലുതാണ്.

ആത്മീയ ഗേഹങ്ങളായ മസ്ജിദുകൾ നിദ്രയിലാണ്ടു കിടന്ന റമദാനിന്റെ പകലിരവുകൾ മാനവ ചരിത്രത്തിലാദ്യമാണ്. രാത്രിയെ ജീവനുറ്റതാക്കുന്ന തറാവീഹും പ്രാർഥനകളും, സ്നേഹം പങ്കു വെക്കലും ഈ വർഷമുണ്ടായില്ല.

ഒരു നോമ്പുകാരനെയെങ്കിലും എല്ലാ വർഷങ്ങളിലും വിളിക്കുന്നത് പോലെ വീട്ടിൽ വിളിച്ച് നോമ്പ് തുറപ്പിച്ച് പുണ്യം കരഗതമാക്കാനും കഴിഞ്ഞില്ല. എങ്കിലും സ്വവസതിയിൽ തന്നെ പ്രാർഥനകളിൽ മുഴുകി കഴിയും വിധം റമദാൻ ദിനരാത്രങ്ങളെ ധന്യമാക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയുമുണ്ട് ഒരു വശത്ത്. പലരേയും പോലെ ലേബർ ക്യാമ്പുകൾ സന്ദർശിക്കാനും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഒരു ദിവസമെങ്കിലും നോമ്പ് തുറക്കാനുള്ള ഭക്ഷണം കൊടുക്കാൻ കഴിഞ്ഞതിലും ചെറുതല്ലാത്ത സന്തോഷമുണ്ട്. ബഹ്‌റൈനിലുള്ള ഒട്ടുമിക്ക സംഘടനകളും ഇപ്രകാരം പാവപ്പെട്ടവന്റെ ആവശ്യം കണ്ടറിഞ്ഞ് അവർക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാറുണ്ടെന്നതും ആവേശദായകമാണ്.

സഹജീവികളുടെ സങ്കടങ്ങളറിയുകയും കാരുണ്യം കൊണ്ട് കണ്ണീർ തുടക്കുകയും ചെയ്യുന്ന സഹാനുഭൂതിയുടെ സന്ദർഭമാകണം ഈദ് ദിനം. കറുത്തതും വെളുത്തതും ഇരുണ്ടതും ഇഴ ചേർന്ന വൈവിധ്യം കാത്തുസൂക്ഷിക്കുന്ന പ്രവാസ ഭൂമിയിൽ നമ്മുടെ നമ്മുടെ വാക് ശരങ്ങളേറ്റ് മനസ്സ് നീറിയിട്ടില്ല എന്നുറപ്പാക്കാൻ ഈദ് ദിനത്തിൽ കഴിയണം.

തനത് വേഷങ്ങളണിഞ്ഞ് നിരത്തിലൂടെ നീങ്ങുന്ന ഒരു ബംഗാളി കണ്ണിൽ പതിഞ്ഞപ്പോൾ അവന്റെ ബലഹീനതകളെ കുറിച്ചായിരുന്നു നമ്മുടെ സംസാരം. ജീവിതത്തോട് പൊരുതാനുള്ള അവന്റെ വ്യഗ്രതകൾ നമ്മുടെ പരിഹാസങ്ങൾക്ക് എരിവ് കൂട്ടിയിരുന്നു. തലയിൽ വട്ടു വെച്ച് സുഗന്ധം വഹിച്ചു വന്ന അറബിയെ കണ്ടപ്പോൾ അവന്റെ ആർഭാടങ്ങളെ കുറിച്ചായിരുന്നു നമ്മുടെ വാചാലതകൾ. അധ്വാനം വിയർപ്പിച്ച മുഷിഞ്ഞ വസ്ത്രവും ദേഹവും നോക്കി വൃത്തി ഇല്ലാത്തവനെന്നു മുദ്രയടിച്ച് പാകിസ്താനിയെ പോലും നാം വെറുതെ വിട്ടില്ല !പട്ടിണിയുടെ തീയാളുന്ന, ദുരന്തങ്ങളുടെ പേമാരിയിലമർന്ന, അനീതിയുടെ തടവറയിൽ നീതിക്കായ് നിലവിളിക്കുന്ന, സ്വസ്ഥമായ ആവാസ ഭൂമിയിൽ നിന്നും കുത്തകകൾക്കായി കുടിയിറക്കപ്പെടുന്ന ഒരു ജനതയും സമൂഹവും നമുക്കു ചുറ്റും ജീവിത ദുര്യോഗങ്ങളാൽ അലഞ്ഞു തിരിയുന്നുവെന്ന് നാം വിസ്മരിച്ചുകൂടാ…

കൊറോണക്കാലത്തെ പെരുന്നാളും നെഞ്ച് പിടക്കുന്ന അനുഭവമാണ്. ഒരു മാസത്തെ ത്യാഗ നിർഭരമായ വ്രതാനുഷ്ഠാനത്തിന് ശേഷം പ്രപഞ്ച നാഥൻ ഇസ്ലാമിക സമൂഹത്തിന് ഈദ് ദിനം നിശ്ചയിച്ചു നൽകിയത് ആഘോഷിക്കാനാണ്. ആ സുദിനത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന് ഇസ്ലാം അനുശാസിക്കുന്നു. അത് കൊണ്ടാണ് ഫിത്ർ സകാത് ഈ ആഘോഷ ദിനത്തിന് മുന്നോടിയായുള്ള കർമമാക്കിയത്. ലോക്ഡൗണിൽ കഴിയുന്ന എത്രയെത്ര പേർക്കാണ് ഇത്തവണ ഫിത്ർ സകാത് ഉപകാരപ്പെടാൻ പോകുന്നത്? പൂർവാധികം ഉത്സാഹത്തോടെ അയൽപക്കത്തെ പട്ടിണിക്കാരനെ കണ്ടെത്തേണ്ട സവിശേഷ സാഹചര്യമാണ് ഈ പെരുന്നാളിനുള്ളത്.

പെരുന്നാൾ സന്തോഷത്തിന്റെ ദിനമാണ്. സന്തോഷിക്കണം! അപ്പോഴും മസ്ജിദിന്റെ മിനാരങ്ങളിൽ നിന്ന് പുലർകാലത്ത് തഴുകിത്തലോടി വരുന്ന തക്ബീർ വിളി കേൾക്കാത്ത വിഷമം വിശ്വാസിക്ക് മനസ്സിലുണ്ടാവും. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ സ്നേഹാലിംഗനങ്ങൾക്ക് പോലും അവധി നൽകേണ്ട, കുടുംബ സംഗമങ്ങൾ ഒഴിവാക്കേണ്ട പ്രതിസന്ധിയുടെ കാലമായിരുന്നു ഈ പെരുന്നാളെന്ന് വരും കാലം രേഖപ്പെടുത്തി വെക്കും. പഴയ പെരുന്നാൾ ദിനങ്ങൾ ഓർമകളിൽ അടുക്കി വെക്കപ്പെടാതെ വീണ്ടും കുളിരണിയിച്ച് നമ്മിലേക്ക് ഓടിയടുക്കട്ടെയെന്ന പ്രാർഥനയോടെ ഏറെ പ്രതീക്ഷയോടെ…

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!