മനാമ: ജോലി സംബന്ധമായോ ആരോഗ്യ കാരണങ്ങളാലോ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നൂറ് പേർക്ക് ആദ്യ ഘട്ടത്തിൽ ടിക്കറ്റ് നൽകുമെന്ന് രവി പിള്ള ബഹറിൻ കേരളീയ സമാജം പ്രസിഡണ്ടിനെ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാറിൻ്റെ നിർദ്ദേശപ്രകാരമുള്ള നോർക്ക എകോപന സമിതിയുടെ കോവിഡ് ചാരിറ്റി പ്രവർത്തനങ്ങളിൽ പ്രമുഖ വ്യവസായി പത്മശ്രീ രവി പിള്ള സംതൃപ്തി രേഖപ്പെടുത്തുകയും കോവിഡ് ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു.
ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും ഡോ: രവി പിള്ളയുമായുള്ള സംഭാഷണത്തിലാണ് ബഹറിനിൽ നടന്ന് വരുന്ന ചാരിറ്റി, മെഡിക്കൽ സേവനങ്ങളെ പ്രശംസിച്ചിത്.
കോവിഡ് ബാധിത മേഖലകളിൽ പത്മശ്രീ രവി പിള്ളയും അദ്ദേഹത്തിൻ്റെ ബിസിനസ്സും ഗ്രൂപ്പും നടത്തി വരുന്ന വിവിധ തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലുമടക്കം എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.