മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി 11 വർഷമായി മുടങ്ങാതെ തുടർന്നുകൊണ്ടിരിക്കുന്ന പ്രവാസി പെൻഷൻ കോവിഡ് പ്രതിസന്ധിയിലും തുടരുന്നു. 111 പേർക്ക് വീടുകളിൽ പെൻഷൻ എത്തിച്ചുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. ബഹ്ൈറനിൽ നിന്ന് പ്രവാസം മതിയാക്കി പ്രയാസമനുഭവിക്കുന്നവർക്കാണ് എല്ലാ മാസവും 1000 രൂപ വീതം നൽകുന്നത്. കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ നടന്ന പെൻഷൻ വിതരണ ഉദ്ഘാടനം കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടെത്തായക്ക് നൽകി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. റമദാൻ മാസം 2000 രൂപ വീതമാണ് വിതരണം ചെയ്തത്.
കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി കാസിം നൊച്ചാട്, കെ.എം.സി.സി ബഹ്റൈൻ കോഒാഡിനേറ്റർമാരായ അലി കൊയിലാണ്ടി, യുസഫ് കൊയിലാണ്ടി, മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദലി എന്നിവർ സംബന്ധിച്ചു. പെൻഷൻ ഫണ്ട് സ്വരൂപണ കാമ്പയിൻ മനാമയിൽ നടന്ന ചടങ്ങിൽ ഫുഡ് വേൾഡ് സി.ഇ.ഒ സവാദ് കുരിട്ടിയിൽനിന്നും ഫണ്ട് സ്വീകരിച്ച് കെ.എം.സി.സി ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്.വി. ജലീൽ, എ.പി. ഫൈസൽ, പി.കെ. ഇസ്ഹാഖ്, ശരീഫ് വില്യാപ്പള്ളി, ഹസൻകോയ പൂനത്ത്, അഷ്കർ വടകര എന്നിവർ സംബന്ധിച്ചു. പ്രവാസി പെൻഷൻ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ നമ്പർ: 39881099, 33292010.