bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട്; തണല്‍ ഡയാലിസിസ് സെന്ററുകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു!

thanal Bahrain chapter

മനാമ: കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങളിലും പ്രതിസന്ധിയിലും തണല്‍ ഡയാലിസിസ് സെന്ററുകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണ്. വിവിധ സ്ഥലങ്ങളിലായി 36 ഡയാലിസിസ് കേന്ദ്രങ്ങളാണ് ഇപ്പോള്‍ തണല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും.

അനേകായിരം രോഗികളും അശരണരുമാണ് തണലിന്റെ കീഴില്‍ ദിനം തോറും പ്രതീക്ഷ അര്‍പ്പിച്ച് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിലുള്ള യാതൊരു പ്രതിസന്ധികളും തണലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ഭാരവാഹികള്‍ ശ്രമിക്കുന്നത്. നിലവിലുള്ള എല്ലാ ഡയാലിസിസ് സെന്ററുകളും പൂര്‍ണമായും സാധാരണഗതിയില്‍ പ്രവര്‍ത്തനം തുടരുകയാണ്.

തണല്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു തണല്‍ ഡയാലിസിസ് സെന്ററുകള്‍. മറ്റു അസുഖങ്ങളെയും പിന്തള്ളിയാണ് കിഡ്നി രോഗങ്ങള്‍ പെരുകുന്നത്. മറ്റു പല അസുഖങ്ങളെയും അപേക്ഷിച്ച് രോഗത്തിന്റെ തുടക്കത്തില്‍ ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല എന്നതാണ് ഈ അസുഖത്തിന്റെ ഏറ്റവും വലിയ ദുരന്തം. പലപ്പോഴും അതി സങ്കീര്‍ണ്ണമായ സമയങ്ങളിലാണ് രോഗം തിരിച്ചറിയുന്നത് തന്നെ. ദിനം തോറും വര്‍ദ്ദിച്ചുവരുന്ന കിഡ്നി ഡയാലിസ് രോഗികളും ഡയാലിസിസ് സെന്ററുകളും അതിനെ സാധൂകരിക്കുന്നുണ്ട്.

ഈയൊരു അസുഖത്തിന്റെ വ്യാപനം മനസ്സിലായതു മുതല്‍ തന്നെ ഡയാലിസിസ് സെന്ററുകളും സഹായങ്ങളും നല്കുന്നതിനോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ദൗത്യവും തണല്‍ ഏറ്റെടുത്തിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന കിഡ്നി എക്‌സിബിഷനും അതിന്റെ ഭാഗമായിരുന്നു. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്തിന്റെയും എല്ലാ സഹായത്താല്‍ നടന്ന പരിപാടിയില്‍ പതിനായിരത്തില്‍ അധികം ആളുകളാണ് പങ്കെടുത്തത്. വളരെ ലളിതമായ ടെസ്റ്റുകളിലൂടെ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്താനാവും എന്നതാണ് അന്ന് തണല്‍ പഠിപ്പിച്ചുകൊടുത്തത്.

ബഹ്റൈന്‍ പ്രവാസിയുടെ സഹായത്താല്‍ കഴിഞ്ഞ ദിവസം കുറ്റിയായാടിയില്‍ ആരംഭിച്ചതാണ് ഏറ്റവും പുതിയ ഡയാലിസിസ് സെന്റര്‍. ഒരു ബഹ്റൈന്‍ പ്രവാസിക്ക് ഡയാലിസിസ് ചെയ്തുകൊണ്ട് തന്നെയാണ് ആരംഭം കുറിച്ചത് എന്നത് തികച്ചും യാദൃച്ഛികം. കേരളത്തിനകത്തും പുറത്തുമായി പതിനഞ്ചോളം പുതിയ ഡയാലിസിസ് കെന്ദ്രങ്ങളും തുടങ്ങുന്നു. ഒരു ദിവസം ആയിരക്കണക്കിന് ഡയാലിസുകളാണ് വിവിധ കേന്ദ്രങ്ങളിലായി നടന്നുവരുന്നത്.

കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ഡയാലിസുകളാണ് തണലില്‍ നടന്നത്. ഓരോ ദിവസവും നിരവധി ആളുകളാണ് ഡയാലിസിസിന് വേണ്ടി സഹായങ്ങള്‍ ചോദിച്ചെത്തുന്നത്. ബഹ്റൈന്‍ പ്രവാസികളും കൂട്ടത്തിലുണ്ട്. . പ്രധാനമായും പ്രവാസികളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ കൊണ്ട് തന്നെയാണ് ഡയാലിസിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഡയാലിസിസ് സെന്റര്‍ പ്രവര്തനകള്‍ക്ക് സഹായമാകുവാന്‍ വേണ്ടി ഒരു വിഭവ സമാഹരണ പ്രവര്‍ത്തനം ഇപ്പോള്‍ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ നടത്തുന്നുണ്ട്. വലിയ സഹായങ്ങളാണ് ഇതുവരെ എല്ലാവരില്‍ നിന്നും ലഭിച്ചുവരുന്നത്. ഒരു ഡയാലിസിനുള്ള സ്‌പോണ്‍സര്‍ഷിപ്പെങ്കിലും ഏറ്റെടുക്കണമെന്ന അഭ്യര്ഥനയാണ് തണല്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വെക്കുന്നത്. തണലിനെ നെഞ്ചോടുചേര്‍ത്തു വെച്ചിട്ടുള്ള ബഹ്റൈന്‍ പ്രവാസി സമൂഹവും സ്വദേശി സമൂഹവും ഈ ഉദ്യമത്തിനയെയും കൈവെടിയില്ല എന്ന പ്രതീക്ഷയിലാണ് തണല്‍ ഭാരവാഹികള്‍.

കോവിഡ് എന്ന മഹാമാരി നമ്മെ പ്രയാസത്തിലാക്കുമ്പോഴും തണലിനെയും അതിന്റെ ആശ്രിതരെയും മറക്കാത്ത മുഴുവന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും തണല്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തെരുവത്ത് ജനറല്‍ സെക്രട്ടറി മുജീബ് മാഹി, പി ആര്‍ ഒ റഫീക്ക് അബ്ദുള്ള എന്നിവര്‍ പത്ര കുറിപ്പിലൂടെ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കായി തണല്‍ ഭാരവാഹികളായ ഷബീര്‍ മഹി (39802166) മുജീബ് റഹ്മാന്‍ (33433530) ലത്തീഫ് ആയഞ്ചേരി (39605806) ടിപ്പ് ടോപ് ഉസ്മാന്‍ (39823200) ജയേഷ് വി കെ (39322860) റഷീദ് മാഹി (39875579) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!