മനാമ: സ്വന്തമായി പണംമുടക്കി നാട്ടിലെത്തുന്നവരെ സര്‍ക്കാര്‍ വീണ്ടും ചൂഷണത്തിനിരയാക്കരുതെന്ന് സമസ്ത ബഹ്‌റൈന്‍. ക്വാറന്റൈന്‍ ഒരുക്കാനായി സമസ്തയുടെ പതിനായിരക്കണക്കിന് മദ്‌റസകളും മത സ്ഥാപനങ്ങളും സൗജന്യമായാണ് വിട്ടു നല്‍കിയിരിക്കുന്നത്. ഇതര സ്ഥാപനങ്ങളും സമാന പ്രവൃത്തി ചെയ്തിട്ടുണ്ട്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ പ്രവാസികള്‍ക്കും സൗജന്യ ക്വാറന്റീന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇവയൊക്കെ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും സമസ്ത അഭിപ്രായപ്പെട്ടു.
നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് വഹിക്കണമെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് തിരുത്തി പറഞ്ഞത് ആശ്വാസകരമാണ്. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രസ്തുത പ്രസ്താവനയിലും അവ്യക്തതകളുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും പാവപ്പെട്ടവനെയും അല്ലാത്തവരെയും ഏത് മാനദണഢമനുസരിച്ചാണ് സര്‍ക്കാര്‍ വേര്‍തിരിക്കുക സമസ്ത ചോദിക്കുന്നു.
ഈ പ്രത്യേക സാഹചര്യത്തില്‍ പ്രവാസ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവരെല്ലാം പരമാവധി ഇവിടെ നില്‍ക്കുന്നുണ്ട്. അതിന് കഴിയാത്തവരാണിപ്പോള്‍ നാട്ടിലെത്താന്‍ ശ്രമിക്കുന്നത്. അവരില്‍ ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവര്‍, വിട്ടുമാറാത്ത അസുഖങ്ങളുള്ളവരും വരെയുണ്ട്. അവരില്‍ നിന്നും പാവപ്പെട്ടവരെയും അല്ലാത്തവരെയും എങ്ങിനെയാണ് സര്‍ക്കാര്‍ വേര്‍തിരിച്ച് പണം ഈടാക്കുകയെന്നും സമസ്ത ചോദിക്കുന്നു.
നിലവില്‍ നാട്ടിലെത്താന്‍ നിര്‍ബന്ധിതരായവര്‍ എങ്ങിനെയെങ്കിലും എത്രയും പെട്ടെന്ന് സ്വന്തം വീട്ടിലെത്തണമെന്നാഗ്രഹിക്കുന്നവരാണ്. എന്നിട്ടും അവരെ വീട്ടിലേക്ക് വിടാതെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നത് അവരേക്കാളുപരി നമ്മുടെ നാടിന്റെ സുസ്ഥിതിക്ക് വേണ്ടി കൂടിയാണ്. മാത്രവുമല്ല, അവര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കാനായി സമസ്തയുടെ പതിനായിരക്കണക്കിന് മദ്‌റസകളും മത സ്ഥാപനങ്ങളും വരെ നാട്ടില്‍ സൗജന്യമായി സമസ്ത വിട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇനിയവര്‍ക്ക് ഭക്ഷണവും ചികിത്സയും മാത്രമാണ് സര്‍ക്കാര്‍ നല്‍കേണ്ടി വരിക. നാട്ടിലെ റേഷന്‍ സംവിധാനങ്ങളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന ഒരു പ്രശ്‌നം മാത്രമാണത്. അവ ഉപയോഗപ്പെടുത്തുന്നതിന് പകരം നാട്ടിലെത്തിയ പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ഈ നീക്കത്തില്‍ നിന്നും ബഹു. മുഖ്യമന്ത്രിയും സര്‍ക്കാരും പിന്തിരിയണം. ഇത്രകാലവും നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് താങ്ങായി വര്‍ത്തിച്ച, ഇപ്പോഴും നാടിനും നാട്ടുകാര്‍ക്കും വേണ്ടി സേവന പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രവാസികളാണ് ഇപ്പോഴും നമ്മുടെ നാടിനും നാട്ടുകാര്‍ക്കുമായി ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ആലോചിക്കണമെന്നും സമസ്ത ബഹ്‌റൈന്‍ അഭ്യര്‍ത്ഥിച്ചു.