മക്കയില്‍ ടൂറിസം യാത്രകള്‍ക്ക് പ്രത്യേക റോഡുകള്‍ ഒരുങ്ങുന്നു

മക്കയില്‍ ടൂറിസം യാത്രകള്‍ക്ക് പ്രത്യേക റോഡുകള്‍ ഒരുങ്ങുന്നു. ചരിത്രപ്രധാന സ്ഥലങ്ങൾ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ റോഡ് റൂട്ട് വരിക. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്രാ ദൈര്‍ഘ്യം കുറക്കാനുദ്ദേശിച്ചാണ് പദ്ധതി.

ലോകത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മക്ക. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദർശകര്‍ക്കും ചരിത്ര പ്രധാന സ്ഥലങ്ങള്‍ പരിചയപെടാനും ടൂറിസം യാത്രകള്‍ സുഖമമാക്കാനുമാണ് പ്രത്യേക റൂട്ടുകള്‍ സജ്ജീകരിക്കുന്നത്. ടൂറിസം അതോരിറ്റിക്ക് കീഴിലാണ് പദ്ധതി. കുറഞ്ഞ സമയത്തിനുള്ളിൽ ചരിത്രപ്രധാന സ്ഥലങ്ങൾ ആളുകൾക്ക് സന്ദർശിക്കാൻ കഴിയുന്ന വിധത്തിലാണ് റോഡുകൾ തെരഞ്ഞെടുത്തിരിക്കുന്നത്.

ഉമ്മുൽ ഖുറ റോഡിൽ നിന്ന് ആരംഭിച്ച് മസ്ജിദുന്നമിറ, അയ്‌ന്‍ സുബൈദ, മശ്അർ അൽഹറാം പള്ളി, ഖൈഫ് പള്ളി, ജംറാത്, ബൈഅ പള്ളി എന്നിവിടങ്ങളിലുടെ കടന്നു പോകുന്ന രീതിയിലാണ് പദ്ധതി. ടൂർ ഓപറേറ്റർമാർക്കാണ് ടൂറിസം യാത്രകളുടെ ഉത്തരവാദിത്തം. ഇതിനായി ഓപറേറ്റർമാർക്ക് വേണ്ട നിർദേശങ്ങളും ഉത്തരവാദിത്തവും നിര്‍ണയിച്ചു നൽകും.