മനാമ: കോവിഡിനെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാന്‍ പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമെന്ന് ഓര്‍മ്മിപ്പിച്ച് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും കോവിഡ്-19 കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണം. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമായി നാം മനസിലാക്കണം. ഒരാളുടെ ജാഗ്രതക്കുറവ് സമൂഹത്തെ മുഴുവനായും ചിലപ്പോള്‍ ദോഷകരമായി ബാധിച്ചേക്കും. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിനും തയാറാകണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടിട്ടുള്ള ഫലം ലഭിക്കുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 4884 പേരാണ് ബഹ്റൈനില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 9 പേരുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിരോധ നീക്കങ്ങള്‍ ശക്തമാണ്. ഇതുവരെ 330733 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 7407 പേര്‍ സുഖം പ്രാപിച്ചു.