മനാമ: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വിസുകള്‍ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും ബഹ്റൈന്‍ കെ.എം.സി.സി കുറ്റപ്പെടുത്തി.
നേരത്തെ രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഓരോ ദിവസം കഴിയുമ്പോഴും പ്രവാസികളോട് നീതികേട് കാണിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രവാസികളുടെ ജീവന്‍ വച്ച് പന്താടുകയാണ്. ഏതാണ്ട് ഇരുന്നൂറോളം മലയാളികള്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഈ ഭീതികരമായ സാഹചര്യത്തില്‍ കൈത്താങ്ങാവേണ്ട സര്‍ക്കാര്‍ കൈയൊഴിയുന്നത് ഖേദകരമാണെന്നും പ്രവാസലോകത്തോടുള്ള വഞ്ചനയാണെന്നും കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വാക്ക് കസര്‍ത്ത് നടത്തുന്നതിന് പകരം അത് പ്രവര്‍ത്തികളില്‍ പ്രകടമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. നേരത്തെ ക്വാറന്റൈന്‍ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. എല്ലാ കാര്യത്തിലും പ്രവാസികളെ അന്യവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയും ഭരണകൂടവും ശ്രമിക്കുന്നത്. പ്രവാസികള്‍ രോഗവാഹകരാണെന്ന ഒരു മന്ത്രിയുടെ പരാമര്‍ശം ഇതിന് തെളിവാണെന്നും കെഎംസിസി പ്രവാസികള്‍ക്കുമേലെയുള്ള ഇത്തരം ധാര്‍ഷ്ഠ്യങ്ങള്‍ മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനം തയാറാകണമെന്നും നേതാക്കള്‍ പറഞ്ഞു.