അടുത്ത ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് 14 സര്‍വീസുകള്‍; കോഴിക്കോടേക്കും കൊച്ചിയിലേക്കും വിമാനങ്ങളില്ല

മനാമ: വന്ദേഭാരതിന്റെ അടുത്ത ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് 14 വിമാന സര്‍വീസുകള്‍. ഇതില്‍ അഞ്ച് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരു, വിജയവാഡ എന്നീ സ്ഥലങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍. കോഴിക്കോട് കൊച്ചി വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയുളള തിയതികളിലാണ് സര്‍വീസുകള്‍. ജൂണ്‍ 11, 13,15,17,19 തിയതികളിലായിരിക്കും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍, ഡല്‍ഹിയിലേക്ക് 10, 14, 16, 18 തിയതികളിലായി നാല് വിമാനങ്ങളുണ്ട്. ചെന്നൈയിലേക്ക് 9,10,18 തിയതികളിലായി മൂന്ന് സര്‍വീസുകളും. ബംഗളുരു, വിജയവാഡ എന്നിവിടങ്ങളിലേക്കായി യഥാക്രമം 13,14 തിയതികളിലായി ഓരോ സര്‍വീസുമുണ്ട്.

ബഹ്‌റൈനില്‍ കോഴിക്കോട്, കൊച്ചി മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഭൂരിഭാഗം പേരും തൊഴില്‍ നഷ്ടപ്പെട്ടവരും വിസ കാലവധി കഴിഞ്ഞവരുമാണ്. ഇവിടങ്ങളിലേക്ക് സര്‍വീസുകള്‍ അനുവദിക്കാത്തത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായേക്കും.