മനാമ: ജാഗ്രത കൈവെടിഞ്ഞത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതിരുന്നത് വലിയ തിരിച്ചടിയുണ്ടാക്കി. റമദാനിലും ഈദുല്‍ ഫിത്വ്ര്‍ ആഘോഷങ്ങളിലും ആളുകള്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ മറികടന്ന് പങ്കെടുത്തു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങിയത് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ കോവിഡ് പടരാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്ന സമയത്ത് മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വിടുവിട്ടിറങ്ങരുത്. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കണം. അസുഖമുള്ളവരെയും പ്രായമായവരെയും സന്ദര്‍ശിക്കുമ്പോഴും മാസ്‌ക് ധരിച്ചിരിക്കണം. കോവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 444 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസലേഷന് ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. നിലവില്‍ ഐസലേഷന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ 7,187 കിടക്കകളാണ് ഉള്ളത്. ഇതില്‍ 4,884 എണ്ണത്തിലാണ് ആളുകള്‍ ഉണ്ട്. ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ 3,410 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 599 കിടക്കകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.