മനാമ: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ഒഐസിസി. ദേശീയ കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ അധികമായി ജനിച്ചു വീണ മണ്ണിലേക്ക് തിരിച്ചു ചെല്ലാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിന് അവസരം നിഷേധിക്കുന്ന നിലപാടുകള്‍ തിരുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു. പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും ഇത് തിരുത്താന്‍ തയ്യാറാകണമെന്നും വാര്‍ത്താക്കുറിപ്പില്‍ ഒഐസിസി വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യക്ക് വെളിയില്‍ ജോലിതേടി പോയ പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കണം എന്ന് ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തില്‍ അധികമായി ജനിച്ചു വീണ മണ്ണിലേക്ക് തിരിച്ചു ചെല്ലാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിന് അവസരം നിഷേധിക്കുന്ന നിലപാടുകള്‍ തിരുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. കോവിഡ് 19 മൂലം ലോകം മുഴുവന്‍ കഷ്ടപ്പെടുമ്പോള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ ആരോടാണ് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കേണ്ടത് എന്ന് സര്‍ക്കാരുകള്‍ വ്യക്തമാക്കണം.എംബസികളില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് ഏറ്റവും അടുത്ത എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യാന്‍ അവസരം ഉണ്ടാവണം, അതിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ ആണ് സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകള്‍. ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്ന വിമാനങ്ങള്‍ തങ്ങളുടെ ജില്ലയില്‍ നിന്ന് വളരെ ദൂരെ ഉള്ള എയര്‍പോര്‍ട്ടിലേക്കാനാണ് യാത്രക്ക് അവസരം ലഭിക്കുന്നത്. ഇത് മൂലം പ്രവാസികള്‍ അനേകം മണിക്കുറുകള്‍ യാത്ര ചെയ്തു മാത്രമേ സ്വന്തം ജില്ലയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. ഇത് എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ വിവരങ്ങള്‍ കേന്ദ്രഗവണ്മെന്റ് പരിഗണിക്കുന്നില്ല എന്ന കാര്യം വ്യക്തമാണ് .
പല വിദേശരാജ്യങ്ങളും തങ്ങളുടെ സ്വന്തം ചിലവില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാം എന്ന് പറഞ്ഞിട്ടും കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ അതിന് അവസരം നല്‍കാതെ വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ പ്രത്യേക വിമാനങ്ങളും, കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ നാട്ടില്‍ എത്തിക്കാം എന്നാണ് പറയുന്നത്. നാളിത് വരെ ഗള്‍ഫ് നാടുകളിലേക്ക് ഒരു കപ്പല്‍ പോലും സര്‍വീസ് നടത്തിയിട്ടില്ല. കപ്പല്‍ സര്‍വീസ് ആരംഭിച്ചാല്‍ ഒരേ സമയത്ത് അനേകം വിമാനങ്ങളില്‍ കൊണ്ട് പോകുന്ന ആളുകളെ ഒന്നിച്ചു നാട്ടില്‍ എത്തിക്കുവാന്‍ സാധിക്കും, കൂടാതെ ഇതിന് കുറഞ്ഞ ചിലവും ആയിരിക്കും. ജോലി നഷ്ടപ്പെട്ട ആളുകള്‍ക്കും, പൂര്‍ണ്ണ ആരോഗ്യം ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. മറ്റുള്ളവരെ വിമാനങ്ങളിലും നാട്ടില്‍ എത്തിക്കാന്‍ സാധിക്കും. അതിന് ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ആരംഭിക്കണം. ഈ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവം ആണ് കാണിക്കുന്നത്. വിവിധ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ കിടന്ന് മരിച്ചാലും കുഴപ്പമില്ല എന്ന നയം മാറ്റണം. ഈ മരണങ്ങള്‍ കേരളത്തിന്റെയോ, ഇന്ത്യയുടെയോ പേരില്‍ വരരുത് എന്നാണ് ഭരണകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നത്. പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ അവഗണനയാണ്.
സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് യഥാവിധി അംഗീകാരം നല്‍കുന്നതിന് ശ്രമിക്കാതെ, പരമാവധി മുടക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇതില്‍ നിന്ന് ഒരു സംഘടനയും ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നിരിക്കെ, ഇതിന്റെ ചാര്‍ജ് സംബന്ധിച്ചു തര്‍ക്കം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചാര്‍ജ് കൂടുതല്‍ ആണെങ്കില്‍ നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ വിമാനങ്ങള്‍ ക്രമീകരിക്കുകയൊ, അല്ലെങ്കില്‍ കൂടുതല്‍ വരുന്ന തുക സര്‍ക്കാര്‍ സബ്സിഡി ആയി നല്‍കുകയോ ആണ് അഭികാമ്യം. അല്ലാതെ നിരക്ക് സംബന്ധിച്ചു തര്‍ക്കം ഉണ്ടാക്കി ഉള്ള ഫ്‌ലൈറ്റ്കള്‍ കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് ന്റെ പശ്ചാത്തലത്തില്‍ നാട്ടിലും പ്രവാസ ലോകത്തും ശക്തമായ സമരം നടക്കില്ല എന്നാണ് ഭരണകര്‍ത്താക്കള്‍ ധരിക്കുന്നത് എങ്കില്‍ കേരളത്തിലെ മൂന്നിലൊന്നില്‍ കൂടുതല്‍ ആളുകള്‍ ജീവിക്കാന്‍ ആശ്രയിക്കുന്നത് പ്രവാസലോകത്തെ ആണെങ്കില്‍ ഇവര്‍ക്ക് ജനകീയ കോടതിയില്‍ തക്കതായ മറുപടി നല്‍കുമെന്നും ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.
ബിനു കുന്നന്താനം,
ഒഐസിസി ദേശീയ പ്രസിഡന്റ്.