ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 9851 പുതിയ രോഗികള്‍, കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്നേക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9851 പുതിയ കൊവിഡ് രോഗികള്‍. ദിവസങ്ങള്‍ക്കകം ദിനംപ്രതി വരുന്ന രോഗികളുടെ എണ്ണം പതിനായിരമാകും. 273 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു. ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചത് 6348 പേരാണ്.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാന ഹോട്ട്സ്പോട്ടുകള്‍. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു. ഇതുവരെ ഇവിടെ മരിച്ചത് 650 പേരാണ്. 2,710 പേര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 123 പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയിലാണ് ബ്രസീല്‍, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത്. ലോകത്ത് രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ നാളെയോ മറ്റന്നാളോ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടക്കാനാണ് സാധ്യത.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 4) 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, എറണാകുളം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 39 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 13 പേരാണ് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.