വ്യത്യസ്ഥമായ ചലച്ചിത്രാനുഭവമൊരുക്കി ‘ജാന്‍വി’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു!

കൊച്ചി: വ്യത്യസ്ഥമായ ചലച്ചിത്രാനുഭവമൊരുക്കി ”ജാന്‍വി”. പ്രവാസ ലോകത്തെ സുപരിചതനായ രഞ്ജിഷ് മുണ്ടയ്ക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹൃസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി മുന്നേറുകയാണ്. സംവിധായകനും നടനുമായ കലാഭവന്‍ ഷാജോണ്‍ ആണ് ചിത്രം ഫെയിസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ചിത്രം ആയിരങ്ങളാണ് കണ്ടത്. പ്രവാസ ലോകത്ത് നിന്നും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കേന്ദ്രകഥാപാത്രമായ ജാന്‍വിയായി ഡോ. രമ്യ നാരായണനും ഒപ്പം ശക്തരായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ജയശങ്കര്‍ മുണ്ടഞ്ചേരിയും ബിജു ജോസഫും സ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ അനുഭവവേദ്യമായി ഈ കൊച്ചു ചിത്രം.
ഈ അത്യാധുനിക യുഗത്തിലും സാധാരണക്കാരന് ഏറെ പരിചയമുള്ള കഥാപാത്രങ്ങളും കഥാപരിസരവുമാണ് ചിത്രത്തിന്റെ ആസ്വാദനതലത്തെ ഉയര്‍ത്തുന്നത്. ജാന്‍വിയെ സാധാരണ സ്ത്രീയുടെ ജീവിത സമരത്തിന്റെ കഥ അയത്‌ന ലളിതമായി തിരശ്ശിലയില്‍ വരച്ചിടുന്നതില്‍ സംവിധായകന്‍ മികച്ച വിജയം നേടി എന്നത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചര്‍ച്ചകള്‍ സാക്ഷ്യം പറയും.

പ്രധാന കഥാപാത്രങ്ങളെക്കൂടാതെ രജനി മനോജ്, ഗോപു അജിത്, ദേവിക തുളസി, വൈഷ്ണവ് രഞ്ജിഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിനിമ സൗഹൃദ കൂട്ടായ്മയായ ടീം സിനിമോങ്ക്‌സ്, കോണ്‍വെക്‌സ് പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബിജു ജോസഫും ശില്പ രഞ്ജിഷും ചേര്‍ന്നാണ്.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഫ്രാന്‍സിസ് കൈതാരത്ത്. ക്യാമറ ഫഹദ് അസബ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഷഫീഖ് റഹ്മാന്‍. സംവിധായകന്‍ രഞ്ജിഷ് മുണ്ടയ്ക്കല്‍ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നാട്ടിലെ പ്രമുഖരായ ടെക്‌നീഷ്യന്‍മാരുടെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ആര്‍ പിള്ള, സഹസംവിധാനം: രമേശ് പി വി, ജിജോ വളഞ്ഞവട്ടം. ക്രിയേറ്റീവ് കണ്‍സല്‍ട്ടന്റ്: അരുണ്‍ പോള്‍, അസോസിയേറ്റ് സ്‌ക്രിപ്റ്റ്: ഫിറോസ് തിരുവത്ര, ചമയം: ലളിത ധര്‍മ്മരാജ്, തമിഴ് മൊഴിമാറ്റം: ത്യാഗു, കോമകള്‍, സബ്ടൈറ്റില്‍സ്: പൂര്‍ണിമ എല്‍വിന്‍ എന്നിവര്‍ നിര്‍വഹിച്ചു.