മനാമ: വിദേശത്ത് നിന്നും ചാർട്ടേഡ് വിമാനത്തിലെത്തുന്നവർ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തി വരണം എന്നത് പ്രവാസികളോടുള്ള സർക്കാറിന്റെ കാപട്യം വെളിവാക്കുന്നതാണ് എന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസ്താവനയിൽ ആരോപിച്ചു. പരിമിതമായ വന്ദേ ഭാരത വിമാനങ്ങളിൽ അവസരം കിട്ടാത്തവർക്ക് ആശ്വാസമായ് പ്രവാസ ലോകത്തെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളെ കൂടി ഇല്ലാതാക്കിയത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്. നാൽപത്തി എട്ട് മണിക്കൂറിന് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൽറ്റ് കിട്ടിയാൽ തന്നെ ഒരാൾക്ക് അതിന് ശേഷം കോവിഡ് ബാധിക്കില്ല എന്നതിന് എന്താണുറപ്പ് എന്ന് കൂടി സർക്കാർ വ്യക്തമാക്കണം. നിലവിലുളള സാഹചര്യത്തിൽ എവിടെ നിന്നും ഒരാൾക്ക് രോഗം ബാധിക്കാം എന്നിരിക്കെ ചാർട്ടേർഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം ഉണ്ടാക്കിയ ഈ നിയമം പ്രവാസികൾ നാട്ടിലേക്ക് വരേണ്ടതില്ല എന്ന് സർക്കാർ പരോക്ഷമായി പറയുകയാണ്. പ്രവാസികളെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് പുതിയ തീരുമാനം. നേരത്തെ തന്നെ പ്രവാസികൾ നാട്ടിലേക്ക് വരുന്നതിനെ തടയാൻ പല വഴിക്കും ശ്രമിച്ച് പരാജയപ്പെട്ട കേരള സർക്കാറിൻ്റെ പുതിയ നീക്കമാണിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ നിരുത്തരവാദപരമായ പ്രവാസി വിരുദ്ധ സമീപനത്തില്‍ നിന്നും സർക്കാർ പിന്തിരിയണം എന്നും എല്ലാ പ്രവാസി സംഘടനകളും രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും ഇതിനെതിരെ പ്രതികരിക്കണം എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
