കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്; 35ലേറെ ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലാവും, സമ്പര്‍ക്ക പട്ടിക ഉടന്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഈ മാസം ഏഴാം തിയതിയാണ് മാനേജരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍ പരിശോധനാ ഫലം വൈകിയെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തിച്ചു. 35 ലേറെ വിമാനത്താവള ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്പര്‍ക്ക പട്ടിക പുറത്തുവന്നാല്‍ മാത്രമെ എത്ര പേര്‍ ക്വാറന്റീനിലേക്ക് മാറേണ്ടി വരുമെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു. നിലവില്‍ സിസിടിവി പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള നീക്കമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ശ്രമിക്കുന്നത്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങളാവും പരിശോധനയ്ക്ക് വിധേയമാക്കുക.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് നേരിട്ട് ബന്ധപ്പെടാന്‍ സാധ്യതയുള്ള വ്യക്തിയാണ് ടെര്‍മിനല്‍ മാനേജര്‍. കൂടുതല്‍ പേര്‍ സമ്പര്‍ക്ക പട്ടികയില്‍ വന്നാല്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ആശങ്കയിലാവും.