ദമ്മാം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി 50,000 തൊഴിലാളികളെ 2,000 പുതിയ കെട്ടിടങ്ങളിലേക്ക് ലേബര്‍ ഹൗസിങ് കമ്മറ്റികള്‍ മാറ്റി. ‘സൗദി ഗസറ്റ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് കോവിഡ് പടരാന്‍ കൂടുതല്‍ സാധ്യത വര്‍ദ്ധിക്കുന്നതായി നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം തടയുന്നതിനായി ഹൗസിങ് കോമ്പൗണ്ടുകളില്‍ തന്നെ തൊഴിലാളികള്‍ക്കായി ഐസൊലേഷന്‍ മുറികളും സജ്ജമാക്കാന്‍ കമ്മറ്റികള്‍ തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഊര്‍ജിതമാക്കാനാണ് സൗദിയുടെ തീരുമാനം.