മനാമ: കോവിഡ്-19തിനെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈന്‍. 17.43 ബഹ്റൈന്‍ ദീനാറിന്റെ (46.1 മില്യണ്‍ ഡോളര്‍) പാക്കേജിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പദ്ധതിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി കഴിഞ്ഞു.
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത ബിസിനസ് ഉടമകള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൂടാതെ സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്നതിനായും, രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള ശുചീകരണ പരിപാടികള്‍ക്കും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയും പദ്ധതിയില്‍ തുക വകയിരുത്തും.
കോവിഡ് ദുരിതമനുഭവിക്കുന്ന പൗരന്മാരിലേക്ക് സഹായം നേരിട്ടെത്തിക്കാനാണ് പുതിയ പാക്കേജിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.