മനാമ: മലയാളി ‘മലയാളി’യായി ജീവിക്കാന്‍ തയ്യാറായാല്‍ കൊറോണക്ക് ശേഷവും കേരളം സ്വര്‍ഗമാക്കാമെന്ന് കെ.വി ശംസദ്ദീന്‍. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തൊഴില്‍ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും, സാമ്പത്തിക അച്ചടക്കവും, നിക്ഷേപവും എങ്ങിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചുമുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെക്കാള്‍ മലയാളി ഭയപ്പെടേണ്ടത് ഉപരി-മധ്യവര്‍ഗ്ഗ ജീവിതത്തോടുള്ള ആസക്തിയും അതുമൂലമുള്ള വായ്പാ ബാധ്യതകളുമാണ്. ജോലി നഷ്ടമുണ്ടായാലും കേരളത്തില്‍ പച്ച മലയാളിയായി ജീവിക്കാന്‍ ഏറെ അവസരങ്ങളുണ്ട്. മുപ്പത് ലക്ഷം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഉപജീവനം നടത്തുന്നത് മലയാളിക്ക് കേരളത്തില്‍ ഇനിയും അവസരങ്ങള്‍ ഉണ്ടെന്നതിന് തെളിവാണ്. കെ.വി ശംസൂദ്ദീന്‍ വ്യക്തമാക്കി.
കേരളത്തിന്റെ ആവാസ വ്യവസ്ഥയും ഭൗതിക സാഹചര്യങ്ങളും ഇനിയെങ്കിലും മലയാളികള്‍ ഉപയോഗപ്പെടുത്തണം. കൊപ്ര കയറ്റി അയക്കുന്ന നമ്മള്‍ തന്നെ അതിന്റെ ഉപോത്പന്നങ്ങളുടെ ഉപഭോക്താക്കളാകുന്ന വികസന വിരോധാഭാസം ഏറെയുണ്ട്. ഈ മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ തുടങ്ങണം.
നദികളും സൂര്യപ്രകാശവും മഴയും ആവശ്യത്തിന് ലഭ്യമായ കേരളത്തില്‍ തരിശു നിലങ്ങള്‍ ഏറെയുണ്ട്. പ്രകൃതിയോടിണങ്ങുന്ന ഒട്ടേറെ സംരംഭങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്നുള്ള സഹായം ലഭ്യമാണ്. കൂട്ടായ്മകളിലൂടെ ഇത്തരം സംരംഭങ്ങള്‍ വന്‍ വിജയങ്ങളായി മാറും. ജോലിയോടും ഭൂമിയോടുമുള്ള സമീപനത്തില്‍ മലയാളി മാറ്റം വരുത്തണം.
നിരവധി തൊഴില്‍ രംഗങ്ങള്‍ പ്രതിസന്ധിയിലാകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മിഷ്യന്‍ ലേണിംഗ് മേഖലകള്‍ വളരും. ആരോഗ്യ മേഖലയില്‍ നിരവധി തൊഴില്‍ സാഹചര്യങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ജിയോജിത് സെക്യൂരിറ്റീസിന്റെയും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റിന്റെയും സ്ഥാപകനാണ് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ കെ.വി ശംസുദ്ദീന്‍. പ്രവാസികളുടെ സാമ്പത്തിക വ്യവഹാരങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും പുസ്തകരചനകളും നിര്‍വഹിച്ചിട്ടുണ്ട്.
പരിപാടിയില്‍, സിജി ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യുസുഫ് അലി സ്വാഗതമാശംസിച്ചു. നിസാര്‍ കൊല്ലം, നൗഷാദ് അമാനത്ത് , ഷാനവാസ് പുത്തന്‍ വീട്ടില്‍ , അമീര്‍, ഖാലിദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.