കോവിഡില്‍ പതറി ഇന്ത്യ; മരണനിരക്ക് കുത്തനെ ഉയര്‍ന്നു, അതീവ ഗുരുതരം

ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു. 24 മണിക്കൂറില്‍ 2003 പേരാണ് രാജ്യത്ത് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ച രാജ്യമായി ഇന്ത്യ മാറി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു.

രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവിട്ടതാണ് മരണനിരക്ക് കുത്തനെ ഉയരാന്‍ കാരണം. മഹാരാഷ്ട്ര 1328 പേരുടെ മരണവും ദില്ലി 437 പേരുടെ മരണവുമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. പുതിയ കണക്കുകള്‍ പ്രകാരം 11,903 പേരാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. കൂടാതെ 24 മണിക്കൂറിനിടെ 11,974 പേര്‍ രോഗ ബാധിതരായി. ഇന്ത്യയില്‍ നിലവില്‍ 1,55,237 പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യയും രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലും 52.79 ശതമാനമാണ് ഇന്ന് ഇന്ത്യയിലെ രോഗ മുക്തി നിരക്ക്.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 16) 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്ത് 60 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1366 പേരാണ്. 1,234 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്.