ലഡാക്ക് സംഘര്‍ഷം നാല് ഇന്ത്യന്‍ സൈനികരുടെ നില അതീവ ഗുരുതരം; പ്രത്യാക്രമണത്തില്‍ 43 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച നൈറ്റ് പെട്രോളിംഗിനായി പോയ ഇന്ത്യന്‍ സംഘം മലമുകളില്‍ നിലയുറപ്പിച്ചിരുന്ന ചൈനീസ് പട്ടാളക്കാരെ തിരിച്ചറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് സൂചന.

തോക്ക്, ബോംബ് തുടങ്ങിയവയൊന്നും ഉപയോഗിക്കാതെയാണ് ഇരു വിഭാഗങ്ങളും ഏറ്റമുട്ടിയതെന്നും സൂചനയുണ്ട്. സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അവ്യക്തമായ റിപ്പോര്‍ട്ടുകള്‍. ഇത് വ്യാജ വാര്‍ത്തയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ പക്ഷത്ത് നിന്ന് മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രത്യാക്രമണം സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്രം പുറത്തുവിട്ടിട്ടില്ല.

43 ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് ചൈന സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു.