വന്ദേ ഭാരത് അടക്കമുള്ള വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം; ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: വന്ദേഭാരത് ഉള്‍പ്പെടെയുള്ള റീപാട്രീഷന്‍ വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. വിഷയം ഉടന്‍ കേന്ദ്ര സര്‍ക്കാരിനെ  അറിയിക്കും. കോവിഡ് പരിശോധനയ്ക്ക് എംബസികള്‍ മുഖേന സംവിധാനമൊരുക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ട്രൂനെറ്റ് സംവിധാനം ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഫലം വരുന്ന രീതിയിലുള്ള ക്രമീകരണം വിമാനത്താവളങ്ങളില്‍ ഒരുക്കാനാണ് നിര്‍ദേശിക്കുക.
ഒരാളെ പരിശോധിക്കാനായി ഏകദേശം ആയിരം രൂപയാണ് ചെലവ് വരികയെന്നാണ് സൂചന. കോവിഡ് പരിശോധനയ്ക്കായി പ്രവാസികള്‍ക്ക് സൗജന്യ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാന്‍ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാന്‍ എംബസികളെ ചുമതലപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കോവിഡ് രോഗികളെയും രോഗമില്ലാത്തവരെയും ഒന്നിച്ച് ഒരു വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ആരോഗ്യമന്ത്രി കെകെ ശൈലജയും വ്യക്തമാക്കിയിരുന്നു. കോവിഡ് രോഗികള്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.